
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ജനങ്ങളാണെന്ന പിണറായി വിജയന്റെ വ്യാഖ്യാനത്തെച്ചൊല്ലി സി.പി.എമ്മിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ഈ മാസം 13, 14, 15 തീയതികളിൽ കോഴിക്കോട്ട് വിശാല സംസ്ഥാന സമിതി ചേരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയിൽ ഭിന്നത പരസ്യമാകുന്നത്. തെറ്റുപറ്റിയത് ജനങ്ങൾക്കാണെന്ന പിണറായിയുടെ വാദം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ടിന് വിരുദ്ധമാണെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചയും നേതാക്കളുടെ ധാർഷ്ട്യവുമാണ് പതനത്തിന് കാരണമായതെന്നാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിനിടെ, പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടി വിട്ടത് ഗൗരവത്തോടെ പരിശോധിക്കണമെന്നും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റിലൂടെ സംസ്ഥാന സമിതി അംഗം പി. ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ, പി. ജയരാജനെ തള്ളി രംഗത്തെത്തിയ സജി ചെറിയാൻ, തെറ്റ് പറ്റിയത് പാർട്ടിക്കല്ലെന്ന പിണറായിയുടെ നിലപാടാണ് ശരിയെന്നും പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരമാണ് പോയതെന്നും പ്രതികരിച്ചു.
പാർട്ടി കോട്ടകൾ കടപുഴകിയതും പയ്യന്നൂർ, തളിപ്പറമ്പ്, ധർമ്മടം തുടങ്ങിയ മണ്ഡലങ്ങളിലുണ്ടായ തിരിച്ചടിയും നേതൃത്വത്തിന് വലിയ മാനക്കേടുണ്ടാക്കിയിട്ടുണ്ട്. വിശാല സംസ്ഥാന സമിതിയിൽ നേതൃമാറ്റമടക്കമുള്ള ആവശ്യങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, ഉൾപ്പാർട്ടി ചർച്ചകൾ പുറത്തുപോകാതിരിക്കാനും വാർത്താ ചോർച്ച ഒഴിവാക്കാനും പ്രതിനിധികളുടെ ഫോൺ പരിശോധിക്കുമെന്ന മുന്നറിയിപ്പടക്കം നൽകി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.
CPM Rift Escalates Ahead of Broad State Committee Meeting Over Election Debacle Explanations














