
തൃശൂർ കയ്പ്പമംഗലത്ത് എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ജീവനെടുത്ത ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധന നടത്താൻ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. പരിശോധന പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ടോടെ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടറുടെ ഉത്തരവ്.
ദേശീയപാതകളിലെ റോഡ് പരിപാലനം, കുഴികൾ, വെള്ളക്കെട്ടുകൾ, സർവീസ് റോഡുകളിലെ വെളിച്ചക്കുറവ്, സൂചനാ ബോർഡുകൾ, അനധികൃത പാർക്കിംഗ്, സ്ട്രക്ചറൽ സ്റ്റെബിലിറ്റി, കാൽനടയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ എന്നിവ സംഘം വിശദമായി വിലയിരുത്തും. ഇതിന് പുറമേ, തദ്ദേശ സ്ഥാപനങ്ങൾ വഴി റോഡ് സുരക്ഷാ പരിശോധന നടത്താനും, അനധികൃത പാർക്കിംഗിനെതിരെ പോലീസും ആർ.ടി.ഓയും കേസ് എടുത്ത് സ്പെഷ്യൽ ഡ്രൈവ് നടത്താനും കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി.
ദിണ്ടിഗൽ പി.എസ്.എൻ.എ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലിടിച്ചാണ് അർദ്ധരാത്രിയോടെ അപകടമുണ്ടായത്. മുൻപ് നടൻ കൊല്ലം സുധി മരണപ്പെട്ട അപകടം നടന്ന സ്ഥലത്തിന് നൂറ് മീറ്റർ മാത്രം അകലെയാണ് വീണ്ടും എട്ടുപേരുടെ ജീവനപഹരിച്ച ദുരന്തമുണ്ടായത്. നിർമാണ പ്രവർത്തനങ്ങളും റോഡരികിലെ സുരക്ഷാ വീഴ്ചകളും തന്നെയാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന വിമർശനം ശക്തമാണ്.
Kaipamangalam Crash: Collector Orders Joint Highway Inspection After 8 Students Die; Report Due Wednesday














