
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആധവ് അര്‍ജുന. ഇനി മുതൽ തമിഴ്തായ് വാഴ്ത്ത് തന്നെയായിരിക്കും ആദ്യം ആലപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയഗാനം ചടങ്ങിന്റെ അവസാന ഭാഗത്തായിരിക്കും ഉണ്ടാകുകയെന്നും, ഇത്തവണ വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം ആദ്യം ആലപിക്കുന്നതിനെതിരെ ഗവർണറോട് പലവട്ടം എതിർപ്പ് അറിയിച്ചിരുന്നുവെന്നും, എന്നാൽ കേന്ദ്ര സർക്കാരിന്റെ സർക്കുലർ പാലിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനഗാനം ആദ്യം ആലപിക്കണമെന്ന നിലപാടാണ് ടിവികെ സർക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഈ നയം പുനഃപരിശോധിക്കണമെന്നും എല്ലാ ഭരണഘടനാപരമായ കീഴ്വഴക്കങ്ങളും ടിവികെ സർക്കാർ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ദേശീയഗാനത്തിനും തമിഴ്തായ് വാഴ്ത്തിനും മുമ്പായി ആലപിച്ചതാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ബിജെപിയെ പ്രീതിപ്പെടുത്താനാണ് ഈ നീക്കമെന്ന് ഡിഎംകെ ആരോപിച്ചു.
ടിവികെയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ കക്ഷികളും പ്രോട്ടോക്കോൾ മാറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. തമിഴ്തായ് വാഴ്ത്ത് മൂന്നാമതായി മാറിയത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ സത്യപ്രതിജ്ഞ ചടങ്ങുകളിലുപോലും വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.അതേസമയം, ഗവർണർമാർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം നിലവിലുണ്ടെന്നാണ് ടിവികെയുടെ അനൗദ്യോഗിക വിശദീകരണം. വന്ദേമാതരം ആലപിക്കുമ്പോൾ വിജയ്‍യും രാഹുൽ ഗാന്ധിയും പാട്ടിൽ ചേർന്ന് ആലപിക്കാൻ ശ്രമിച്ചില്ലെന്ന കാര്യവും രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.














