പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഒരു വ്യക്തി തന്റെ ബന്ധുവായതുകൊണ്ട് മാത്രമല്ല പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നും, പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളോ അയോഗ്യതകളോ നിയമപരമായി നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി നടത്തുന്ന നിയമനമല്ല ഇതെന്നും, ബന്ധപ്പെട്ട മന്ത്രിക്കാണ് ഇതിൽ അന്തിമ തീരുമാനമെടുക്കാൻ അവകാശമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമിക്കപ്പെട്ട വ്യക്തി തന്റെ ബന്ധുവാണെന്ന കാര്യം താൻ തന്നെയാണ് പരസ്യമായി പറഞ്ഞതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തനിക്ക് സ്വന്തം അനുജനുണ്ടായിട്ടും അദ്ദേഹത്തെ ഈ പദവിയിൽ വെച്ചിട്ടില്ല. പകരം പാർട്ടിയുടെ സജീവ പ്രവർത്തകനായ, തിരഞ്ഞെടുപ്പിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ച, രാഷ്ട്രീയ രംഗത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള ബെന്നി തോമസിനെയാണ് നിയമിച്ചതെന്നും മന്ത്രി വിശദീകരിച്ചു. തനിക്ക് പൂർണ്ണ വിശ്വാസമുള്ള, രാഷ്ട്രീയത്തിൽ ഏറെ പരിചയസമ്പന്നനായ ഒരു വ്യക്തി മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെ കൂടുതൽ കുറ്റമറ്റതാക്കാൻ സഹായിക്കുമെന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഈ സ്റ്റാഫ് നിയമനത്തിനെതിരെ മാധ്യമങ്ങൾ ഇത്രയും രൂക്ഷമായ വിമർശനം നടത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. നിയമസഭയിൽ പോലും ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് തന്നെ വിമർശിക്കാൻ മുതിർന്നിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ ഇതിനെ വലിയ വിവാദമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Minister Sunny Joseph Justifies Relative’s Appointment to Personal Staff, Slams Media Criticism













