ബംഗാളിന്റെ ഭക്ഷണശീലം ബിജെപിക്ക് അറിയില്ലെന്ന് മമത; മറുപടിയുമായി മത്സ്യമടക്കം പ്രസാദമായി നൽകുന്ന താന്തനിയ കാളിബാരിയിൽ മോദിയുടെ ദർശനം

ബംഗാളിലെ ഭക്ഷണ സംസ്കാരത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, വടക്കൻ കൊൽക്കത്തയിലെ പ്രശസ്തമായ താന്തനിയ കാളിബാരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തി. റോഡ് ഷോയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലെ മത്സ്യ-മാംസ വിഭവങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ്, മത്സ്യമടക്കം പ്രസാദമായി നൽകുന്ന ഈ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തിയത്.

എൻഡിഎ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ബംഗാളിന്റെ സാംസ്കാരിക സ്വത്വത്തെക്കുറിച്ച് ബിജെപിക്ക് അറിവില്ലെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ, ഭക്ഷണ ശീലങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് പദ്ധതിയൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മമതയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ബിജെപി നേതാക്കൾ പരസ്യമായി ‘മീൻ ചോറ്’ കഴിച്ചതും വലിയ വാർത്തയായിരുന്നു.

രാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള താന്തനിയ കാളിബാരിയിലെ സവിശേഷമായ ആചാരങ്ങൾ ഏറെ പ്രശസ്തമാണ്. ഇളനീരും ചെമ്മീനും ചേർത്ത വിഭവം ഇവിടെ വഴിപാടായി നൽകുന്ന രീതിക്ക് ദീർഘകാലത്തെ ചരിത്രമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായി പുരോഹിതൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ബംഗാളി വികാരങ്ങളെക്കൂടി ഒപ്പം നിർത്താനാണ് ഈ സന്ദർശനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Modi visits temple serving non-veg prasad; hits back at Mamata’s ‘food culture’ remarks

More Stories from this section

family-dental
witywide