
ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിലാക്കാൻ പോയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശിയായ മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. കനത്ത മൂടൽമഞ്ഞ് കാരണം വഴിയിൽ നിന്നിരുന്ന കാട്ടാനകളെ തിരിച്ചറിയാൻ കഴിയാതെ മാരി അബദ്ധത്തിൽ ഇവയുടെ മുന്നിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്നും മൂടൽമഞ്ഞ് കാരണം ഇവയെ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു. വന്യജീവി ആക്രമണങ്ങൾ പതിവായതോടെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും ശാശ്വതമായ പരിഹാരം കാണാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കനത്ത അമർഷമാണ് സൂര്യനെല്ലിയിൽ നിലനിൽക്കുന്നത്.
Mother Killed in Wild Elephant Attack in Idukki While Taking Son to School; 11-Year-Old Injured














