വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി, കരം അടച്ചുകൊണ്ടിരിക്കുന്ന ഭൂമി എങ്ങനെ ഉമീദ് പോർട്ടലിൽ ചേർക്കുമെന്നും ചോദ്യം

നിലവിലെ വഖഫ് ബോർഡിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി ആവശ്യപ്പെട്ടു. കരം അടച്ചുകൊണ്ടിരിക്കുന്ന ഭൂമി എങ്ങനെയാണ് വഖഫ് ബോർഡിന് ഉമീദ് പോർട്ടലിൽ ചേർക്കാൻ സാധിക്കുകയെന്നും തർക്കത്തിലുള്ള ഭൂമി ഇത്തരം പോർട്ടലുകളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുനമ്പം സമരസമിതി നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും സഭാ നേതൃത്വം ഇതിനോടകം തന്നെ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന വാക്ക് താൻ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞതെന്നും സമരം തുടങ്ങുന്നതിന് മുൻപ് തന്നെ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി കൂട്ടിചേർത്തു.

അതേസമയം മുനമ്പം വിഷയത്തിൽ മുൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ശത്രുക്കളാക്കാനുള്ള നീക്കമാണ് മുൻ സർക്കാർ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണം ഒഴിഞ്ഞുപോകുന്ന സമയത്ത് വഖഫ് ബോർഡ് തന്നെ ഈ ഭൂമി ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് ഈ സർക്കാർ തീരുമാനമെടുക്കുന്നത് തടയാൻ മനപ്പൂർവ്വം എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തെ മുൻനിർത്തി സംഘപരിവാറും സിപിഎമ്മും ഒരേപോലെ വർഗ്ഗീയ വിഭജനത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ അത് വഖഫിന്റേതാണെന്നാണ് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അവിടുത്തെ താമസക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന നിലപാടാണ് മുൻ സർക്കാരിനുണ്ടായിരുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ മുനമ്പത്തുള്ള ആരെയും ഈ സർക്കാർ കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുനമ്പം നിവാസികൾക്ക് അനുകൂലമായി നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും നിലവിലുള്ള പ്രശ്നങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേഗത്തിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Munambam Action Council demands dissolution of Waqf Board; CM VD Satheesan blames previous government for creating hurdles

More Stories from this section

family-dental
witywide