
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ചിന്നിച്ചിതറിയ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായ്ക്കളെ സ്ഥലത്തെത്തിച്ചു. സ്ഫോടനം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും അൽപ്പസമയത്തിനകം തിരച്ചിൽ ആരംഭിക്കും. മൃതദേഹങ്ങൾ പൂർണ്ണമായും ചിതറിയ നിലയിലായതിനാൽ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയാണെന്ന് ഫൊറൻസിക് വിഭാഗം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ഫയർ റോബോട്ടുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയത് ബന്ധുക്കൾക്കും രക്ഷാപ്രവർത്തകർക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചികിത്സയിലുള്ള പരിക്കേറ്റവരിൽ 10 പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ അഞ്ചുപേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രി അറിയിച്ചു പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
Mundathikode blast: Five of the injured are in critical condition; two are on ventilator















