
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ചർച്ചകൾക്കിടയിൽ വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കേരളത്തിലെ ജനവികാരം സതീശന് അനുകൂലമാണെന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വം എഐസിസി നിരീക്ഷകരെ അറിയിച്ചത്. സതീശന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ആ വസ്തുത പരിഗണിച്ചു വേണം അന്തിമ തീരുമാനമെടുക്കാനെന്നും ലീഗ് ആവശ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി എം എ സലാം, ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. എംഎൽഎമാരുടെ മാത്രം അഭിപ്രായം നോക്കാതെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും പൊതുജന വികാരവും ഹൈക്കമാൻഡ് കണക്കിലെടുക്കണമെന്ന് ലീഗ് നേതാക്കൾ അഭ്യർത്ഥിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി ഭരണത്തിലേക്ക് കടക്കുന്നതാകും ഉചിതമെന്ന സൂചനയും കൂടിക്കാഴ്ചയിൽ ഉയർന്നു.
നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടിയുടെ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വരും ദിവസങ്ങളിൽ മറ്റ് ഘടകകക്ഷികളുമായും നിരീക്ഷകർ ചർച്ച തുടരും. മുസ്ലിം ലീഗിന്റെ പരസ്യമായ ഈ നിലപാട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര ചർച്ചകളിൽ വി ഡി സതീശന് വലിയ മുൻതൂക്കം നൽകുന്നതാണ്.
Muslim League backs V D Satheesan for CM post; urges AICC observers to consider public sentiment and poll performance












