ഡൽഹി സമരത്തിന് ചെക്ക് വച്ച് റെയിൽവേ, സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, 10 ലക്ഷം തിരികെ നൽകി, പ്രതിഷേധം; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബിനോയ് വിശ്വം

കേന്ദ്രവിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകാനായി സി.പി.ഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി പാർട്ടി രംഗത്തെത്തി. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സെപ്റ്റംബർ ഒന്നിന് നടക്കുന്ന സമരത്തിനായി പ്രവർത്തകരെ എത്തിക്കാൻ 22 ബോഗികളുള്ള ട്രെയിനാണ് പാർട്ടി ബുക്ക് ചെയ്തിരുന്നത്. മുൻകൂറായി അടച്ച 10 ലക്ഷം രൂപ ഐ.ആർ.സി.ടി.സി ഏജൻസിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ചതല്ലാതെ, ട്രെയിൻ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഫോൺ വിളിച്ചാൽ പോലും ഉദ്യോഗസ്ഥർ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം സമരം പൊളിക്കാൻ നോക്കിയാലും സി.പി.ഐ പിന്മാറില്ലെന്നും സാധ്യമായ എല്ലാ വഴികളിലൂടെയും പ്രവർത്തകർ ഡൽഹിയിൽ എത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. റെയിൽവേയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് സി.പി.ഐ പ്രവർത്തകർ മാർച്ച് നടത്തും. അതേസമയം, സഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നൽകണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി യോഗം വിളിച്ചുചേർക്കുന്നതിൽ സി.പി.ഐക്ക് എതിർപ്പില്ലെന്നും പാർലമെന്ററി പാർട്ടി യോഗം മാത്രം ചേരുന്നത് ഔചിത്യമല്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽ.ഡി.എഫിൽ ഔദ്യോഗികമായി ചർച്ച വരുമ്പോൾ പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടും. മുന്നണിയുടെ രാഷ്ട്രീയ സംസ്കാരം നന്നായി അറിയാവുന്ന സി.പി.ഐ ന്യായമായ ഈ പദവി ആവശ്യത്തിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Train Cancellation Sparks CPI Protest Against Centre; Binoy Viswam Firm on Deputy Opposition Leader Post

More Stories from this section

family-dental
witywide