മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; ഇന്ന് ബെംഗളൂരുവിലും ഡൽഹിയും സമരജ്വാല

ബെംഗളൂരു / ഡൽഹി: വോട്ടർപട്ടിക പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യത്തുടനീളം ശക്തമാകുന്നു. ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ചിരിക്കുന്ന വൻ ജനകീയ സമരത്തിന് മുന്നോടിയായി ഇന്ന് ബെംഗളൂരുവിലും ഡൽഹിയിലും പ്രതിപക്ഷ കക്ഷികളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) വിപുലമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സി ജെ പി നടത്തുന്ന പ്രതിഷേധത്തിൽ പ്രമുഖ പൊളിറ്റിക്കൽ കമന്റേറ്ററും ആർ എസ് എസ് വിമർശകനുമായ ധ്രുവ് റാഠി പങ്കെടുക്കും. സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്‌കെ, പ്രശസ്ത നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകും. ‘സേവ് വോട്ട്, സേവ് ഡെമോക്രസി’ എന്ന ക്യാപ്ഷനോടെ മൂവരും ഒന്നിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ‘ജനകീയ അദാലത്ത്’ കർണാടകയിലെ വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഫ്രീഡം പാർക്കിൽ നടക്കും. ഇതിന് പിന്നാലെ, ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി ജെ പിയുടെ നേതൃത്വത്തിൽ ‘ചപ്പൽ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം ഇന്നും തുടരും. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇന്നത്തെ സമരത്തിൽ പങ്കാളികളാകും. ആർ എസ് എസ് ആശയങ്ങൾക്കെതിരെ ചിന്തിക്കുന്ന പ്രമുഖരെയെല്ലാം ഒരുമിച്ച് അണിനിരത്തി സമരത്തിന് രാജ്യവ്യാപക ശ്രദ്ധ നേടിക്കൊടുക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.

Opposition protests demanding the Chief Election Commissioner’s resignation intensify; protests flare up in Bengaluru and Delhi today.

More Stories from this section

family-dental
witywide