
ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന ‘ഇസ്ലാമാബാദ് ധാരണാപത്രം’പുറത്തുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ്. കരാറിൻ്റെ രൂപീകരണം പ്രാദേശികമായും ആഗോളതലത്തിലും പാകിസ്താൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്നും, ഇത് ഇന്ത്യയുടെ വിദേശനയത്തിന് വലിയൊരു വെല്ലുവിളിയാണെന്നും കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് വ്യാഴാഴ്ച ആരോപിച്ചു.
പശ്ചിമേഷ്യയിലും അന്താരാഷ്ട്ര തലത്തിലും പാകിസ്താന് കൈവന്ന ഉയർന്ന നയതന്ത്ര പദവിയാണ് ഈ കരാറിൻ്റെ പേര് തന്നെ സൂചിപ്പിക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ ഭരണകാലത്ത്, 2008-ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്താൻ പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർ പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയ-സുരക്ഷാ ഘടനയിൽ കൂടുതൽ ശക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് ജയറാം രമേശ് ഓർമ്മിപ്പിച്ചു.
മോദി സർക്കാരിൻ്റെ വിദേശനയത്തിൻ്റെ ഉള്ളടക്കത്തിനും ശൈലിക്കും ഈ നീക്കം കനത്ത പ്രഹരമാണ്. പശ്ചിമേഷ്യൻ മേഖലയിൽ പാകിസ്താൻ സ്വാധീനം വിപുലീകരിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വരുംദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Pakistan’s influence is growing through the US-Iran deal; a major setback for Modi’s foreign policy and a challenge for India – Congress criticizes












