
യുവജന കൂട്ടായ്മയായ ‘കോക്റോച്ച് ജനതാ പാർട്ടി’ക്കെതിരെ (സിജെപി) സുപ്രീം കോടതിയിൽ ഹർജി. പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യാജ നിയമ ബിരുദങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സുപ്രീം കോടതിയുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപിച്ചാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സിജെപിയുടെ പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും കോടതികളുടെ അന്തസ്സിനെയും താറടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഈ കൂട്ടായ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കോടതി പോലെയുള്ള പരമോന്നത ഭരണഘടനാ സ്ഥാപനങ്ങളുടെ പേരും അടയാളങ്ങളും വ്യക്തിഗത ലാഭങ്ങൾക്കും മറ്റ് പ്രചാരണങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നത് പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത തകർക്കാൻ ഇടയാക്കുമെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
തുടർച്ചയായ വിവാദങ്ങളിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം സിജെപിയുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ ഇടപെട്ട് പൂട്ടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതിയിലും ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. വിഷയം വരും ദിവസങ്ങളിൽ സുപ്രീം കോടതി വിശദമായി പരിഗണിച്ചേക്കും.
Petition Filed in Supreme Court Against Cockroach Janta Party, Demands CBI Probe Over Fake Law Degrees










