തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി; ബംഗാളിൽ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് കേന്ദ്ര ജീവനക്കാരെത്തും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നിയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ചട്ടവിരുദ്ധമല്ലെന്ന് കോടതി വിധിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏപ്രിൽ 13-ലെ സർക്കുലർ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

വോട്ടെണ്ണൽ പ്രക്രിയയ്ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ അധികാരമുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പട്ടികയിൽ നിന്ന് മാത്രം ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

വോട്ടെണ്ണൽ ഉദ്യോഗസ്ഥർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും അവർ ആത്യന്തികമായി സർക്കാർ ജീവനക്കാരാണ്. ഇതിൽ കേന്ദ്ര-സംസ്ഥാന വ്യത്യാസം കാണേണ്ടതില്ലെന്ന് ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകുമെന്നും, അതിനാൽ പ്രക്രിയയിൽ അട്ടിമറി നടക്കുമെന്ന തൃണമൂലിൻ്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സർക്കുലർ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായ റിട്ടേണിംഗ് ഓഫീസർക്കായിരിക്കും വോട്ടെണ്ണലിൻ്റെ മൊത്തത്തിലുള്ള ചുമതലയെന്നും കമ്മീഷൻ വ്യക്തമാക്കി. ആദ്യം സർക്കുലറിനെ ശക്തമായി എതിർത്ത തൃണമൂൽ കോൺഗ്രസ്, പിന്നീട് സർക്കുലർ കൃത്യമായി നടപ്പിലാക്കണമെന്ന വാദത്തിലേക്ക് മാറി. കമ്മീഷൻ്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി, വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കി. രണ്ട് ഘട്ടങ്ങളിലായി നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മെയ് 4 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. അതേസമയം രണ്ടാംഘട്ട വോട്ടെടുപ്പിൽ വ്യാപകമായി കൃത്രിമം നടന്നുവെന്ന് ആരോപിച്ച് 15 ഓളം ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് പുരോഗമിക്കുന്നുണ്ട്.

Supreme Court upholds Election Commission’s decision; Central employees will be deployed for vote counting duty in Bengal

More Stories from this section

family-dental
witywide