
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ ഇതുവരെ മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
മൂന്നാം തുടർച്ചയായ ഭരണം ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫ് സർക്കാരിന് ജനങ്ങൾ കനത്ത പ്രഹരമാണ് നൽകിയത്. യുഡിഎഫ് 102 സീറ്റുകൾ നേടി പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയപ്പോൾ എൽഡിഎഫ് വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. സ്വന്തം മണ്ഡലമായ ധർമ്മടത്ത് പിണറായി വിജയൻ കഷ്ടിച്ച് ജയിച്ചുകയറിയപ്പോൾ, മന്ത്രിസഭയിലെ 20 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. മന്ത്രിമാരും എംഎൽഎമാരും നേരിട്ട് കളത്തിലിറങ്ങിയിട്ടും കോട്ട കൊത്തളങ്ങൾ തകർന്നു വീഴുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാല അട്ടിമറിച്ചതും ആറന്മുളയിൽ വീണാ ജോർജ്ജിന് പരാജയം രുചിക്കേണ്ടി വന്നതും ശ്രദ്ധേയമായി. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ വമ്പൻ തോൽവികൾ ഏറ്റുവാങ്ങി. എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു എന്നിവരും പരാജയപ്പെട്ടപ്പോൾ കെ.എൻ. ബാലഗോപാലും സജി ചെറിയാനും കഷ്ടിച്ചാണ് ജയിച്ചുകയറിയത്. മുഹമ്മദ് റിയാസ്, കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവർ മാത്രമാണ് മന്ത്രിസഭയിൽ നിന്ന് ഭേദപ്പെട്ട വിജയം നേടിയത്.
Pinarayi Vijayan Resigns as Kerala CM; Governor Asks Him to Continue Until New Government Takes Charge














