ബിജെപി ആസ്ഥാനത്ത് വമ്പൻ വിജയാഘോഷം, ബംഗാളിലേത് ചരിത്രപരമായ വിജയമെന്ന് മോദി; ‘കേരളത്തിലെ യുഡിഎഫ് വിജയം ഇടത് ദുർഭരണം കാരണം’

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയത് അഭൂതപൂർവവും ചരിത്രപരവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിൽ പുതിയ ചരിത്രം കുറിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, നിതിൻ നവീൻ ദേശീയ അധ്യക്ഷനായ ശേഷം അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നടന്ന ആദ്യ തിരഞ്ഞെടുപ്പുകളിൽ പാർട്ടി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചതായും കൂട്ടിച്ചേർത്തു.

കേരളത്തിലെ യുഡിഎഫ് വിജയത്തെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പത്ത് വർഷത്തെ ഇടത് ദുർഭരണത്തിന്റെ ഫലമാണ് കോൺഗ്രസിന് അനുകൂലമായ ഈ വിധിയെഴുത്തെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കോൺഗ്രസിനെ വൈകാതെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വനിതാ സംവരണ ബില്ലിനെ എതിർത്തവർ അതിന്റെ ഫലം അനുഭവിക്കുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഭജന രാഷ്ട്രീയം കാരണമാണ് കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ ജനങ്ങൾ സർക്കാരുകളെ തള്ളിക്കളഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബംഗാളിലെ വിജയം ശ്യാമപ്രസാദ് മുഖർജിയുടെ ആത്മാവിന് ശാന്തി നൽകുന്നതാണെന്നും സമൃദ്ധമായ ബംഗാൾ എന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജനം അവസരം നൽകിയെന്നും മോദി പറഞ്ഞു. ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞുവെന്നും ഇത് പ്രതികാരത്തിനുള്ള സമയമല്ല, വികസനത്തിലൂടെയുള്ള മാറ്റത്തിനുള്ള സമയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

PM Modi Hails BJP’s Historic Win; Terms UDF Victory in Kerala a Result of LDF’s Misrule

More Stories from this section

family-dental
witywide