പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്ക് ഇന്ധനവും വളവും ഉറപ്പുനൽകി പുടിൻ

മോസ്‌കോ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിതരണ ശൃംഖലകൾക്ക് തടസ്സം നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഇന്ധനവും വളവും തുടർന്നും നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്റെ ഉറപ്പ്. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം വൻതോതിൽ വർധിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് അടിയന്തര മുൻഗണനയാണെന്ന് ജയശങ്കർ പറഞ്ഞു.

2025ൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഈ വർഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം വീണ്ടും ഉയർന്നതായും ഇന്ത്യയിലേക്കുള്ള വളത്തിന്റെ വിതരണം റഷ്യ വർധിപ്പിക്കുകയാണെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യൻ കർഷകരുടെയും കാർഷിക മേഖലയുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നു. വളത്തിന്റെ വിതരണം വർധിപ്പിക്കുകയാണ്. ഇനിയും വിതരണം വർധിപ്പിക്കാൻ തയ്യാറാണെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള ആണവോർജ, ഹൈടെക് സഹകരണത്തിലും പുരോഗതിയുണ്ടെന്ന് പുടിൻ പറഞ്ഞു.

കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിലും സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന BRICS ഉച്ചകോടിയിലും പുടിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതായി ജയശങ്കർ പറഞ്ഞു. BRICS ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള മോദിയുടെ വ്യക്തിഗത സന്ദേശവും ജയശങ്കർ പുടിന് കൈമാറി.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരും BRICS ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വൻതോതിൽ വർധിച്ചെങ്കിലും ഇന്ത്യയുടെ വ്യാപാര കമ്മി വലിയ ആശങ്കയായി തുടരുകയാണെന്ന് ജയശങ്കർ പറഞ്ഞു.

2021-22ൽ 1300 കോടി ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 2025-26ൽ ഏകദേശം 6000 കോടി ഡോളറായി ഉയർന്നു. എന്നാൽ ഇതോടൊപ്പം വ്യാപാര കമ്മി 660 കോടി ഡോളറിൽ നിന്ന് 5000 കോടി ഡോളറിലധികമായി വർധിച്ചു. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് ഇന്ന് ഞങ്ങളുടെ പ്രധാന മുൻഗണനകളിലൊന്നാണെന്നും ജയശങ്കർ പറഞ്ഞു.വിപണി പ്രവേശനം മെച്ചപ്പെടുത്തുക, തീരുവ-തീരുവേതര തടസ്സങ്ങൾ നീക്കം ചെയ്യുക, പണമിടപാട് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ നടപടികൾ ആവശ്യമാണ്. 2030ഓടെ ഇന്ത്യ-റഷ്യ വ്യാപാരം 10,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തിനായി മൂന്ന് നിർദേശങ്ങളും ജയശങ്കർ മുന്നോട്ടുവച്ചു.പദ്ധതികളുടെ നടപ്പാക്കലിനും ഫലപ്രാപ്തിക്കും മുൻഗണന നൽകുക, വ്യവസായ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കി പുതിയ വിപണികളും മേഖലകളും കണ്ടെത്തുക എന്നിവയാണ് നിർദേശങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വ്യാപാരം, നിക്ഷേപം, ഊർജം, വളം, ആണവോർജം, ഗതാഗതം, സാങ്കേതികവിദ്യ, ബഹിരാകാശം, പ്രൊഫഷണലുകളുടെ സഞ്ചാരം തുടങ്ങിയ മേഖലകളും ഉൾപ്പെട്ടു.

ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകളിലെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. ഇന്ത്യ-റഷ്യ വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക സഹകരണത്തിനായുള്ള അന്തർസർക്കാർ കമ്മീഷൻ (IRIGC-TEC) യോഗത്തിൽ റഷ്യൻ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി ജയശങ്കർ സഹ അധ്യക്ഷനായി.

Putin assures India of fuel, fertilisers amid disruptions over West Asia crisis

More Stories from this section

family-dental
witywide