തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധി: വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകും; സുരക്ഷാ വാഹനവ്യൂഹം പൊലീസ് പിൻവലിച്ചു

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ വൈകുമെന്ന് റിപ്പോർട്ട്. ഇതേത്തുടർന്ന് അദ്ദേഹത്തിന് അനുവദിച്ചിരുന്ന പ്രത്യേക പോലീസ് സുരക്ഷാ വാഹനവ്യൂഹം തമിഴ്‌നാട് പൊലീസ് പിൻവലിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൈലറ്റ് വാഹനങ്ങളടക്കമുള്ള സുരക്ഷാ സന്നാഹങ്ങൾ വിജയ്‌യുടെ വസതിയിൽ നിന്നും മടക്കിവിളിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമായിരുന്നെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ പൂർണ്ണമായി ഉറപ്പിക്കാൻ ടി.വി.കെ ക്യാമ്പിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന. ഈ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നീളുന്നത്.മുഖ്യമന്ത്രിക്ക് സമാനമായ സെഡ്-പ്ലസ് സുരക്ഷയായിരുന്നു വിജയ്‌ക്ക് നൽകിയിരുന്നത്. എന്നാൽ അധികാരമേൽക്കുന്നത് വരെ ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങൾ ആവശ്യമില്ലെന്ന നിലപാട് വിജയ് തന്നെ പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. നിലവിൽ സാധാരണ സുരക്ഷാ ക്രമീകരണങ്ങൾ മാത്രമാണ് വിജയ്‌ക്ക് ചുറ്റുമുള്ളത്.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ വലിയ ഒറ്റക്കക്ഷിയായെങ്കിലും, സർക്കാർ രൂപീകരണത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ പാർട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. വിജയ്‌ക്ക് ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ബി.ജെ.പി വിരുദ്ധ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന കർശന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ കൃത്യമായ ലിസ്റ്റ് ഹാജരാക്കാൻ ഗവർണർ ആർ. എൻ. രവി വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ രേഖകൾ സമർപ്പിക്കാൻ വൈകുന്നതാണ് സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കുന്നതിന് തടസ്സമാകുന്നത്. നിലവിൽ 112 എം.എൽ.എമാരുടെ പിന്തുണ വിജയ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.

പിന്തുണ ഉറപ്പാക്കാൻ മറ്റു കക്ഷികളുമായും സ്വതന്ത്ര എം.എൽ.എമാരുമായും ടി.വി.കെ നേതൃത്വം ചർച്ചകൾ തുടരുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അങ്ങേയറ്റം നാടകീയമായ നീക്കങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബദ്ധശത്രുക്കളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും ഒന്നിക്കുന്നു എന്ന വാർത്തകൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയും എടപ്പാടി പളനിസ്വാമി ഉപമുഖ്യമന്ത്രിയുമായുള്ള സർക്കാരാണ് പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുണ്ട്.

Political crisis in Tamil Nadu: Vijay’s swearing-in will be delayed; Police withdraw security convoy

More Stories from this section

family-dental
witywide