ന്യൂഡൽഹി: സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ‘ആയുധമാക്കുന്നത്’ രാജ്യങ്ങളുടെ പൊതുവായ വികസനത്തിന് തടസ്സമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം. നിർണായക ധാതുക്കളുടെയും അപൂർവ ധാതുക്കളുടെയും ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം ശ്രദ്ധേയമായത്.
സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നത് നമ്മുടെ പൊതുവായ പുരോഗതിക്ക് തടസ്സമാകും. അതിനാൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ ഉൾച്ചേർക്കലിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത് എന്ന് ‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത’ എന്ന വിഷയത്തിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ മോദി പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര സംഘർഷത്തിനിടെ കഴിഞ്ഞ വർഷം ചൈന അപൂർവ ധാതുക്കളുടെയും അത്യാധുനിക സാങ്കേതികവിദ്യാ ഉൽപാദനത്തിന് ആവശ്യമായ മറ്റ് വസ്തുക്കളുടെയും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു.
പിന്നീട് ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ആഗോള അപൂർവ ധാതു സംസ്കരണത്തിന്റെ ഏകദേശം 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. സോളാർ പാനലുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെയുള്ള നിരവധി ഉൽപന്നങ്ങളുടെ നിർമാണത്തിന് ഇവ ആവശ്യമാണ്. നിർമാണ മേഖലയെയും ശുദ്ധ ഊർജ മേഖലയെയും വിപുലീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് നിർണായക ധാതുക്കളുടെ സ്ഥിരമായ ലഭ്യത ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ, ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ലോജിസ്റ്റിക്സ്, വിതരണ ശൃംഖല സഹകരണ ചട്ടക്കൂട് വിതരണ ശൃംഖലകൾ കൂടുതൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമാക്കാൻ സഹായിക്കുമെന്ന് മോദി പറഞ്ഞു.
ബ്രിക്സ് അധ്യക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന തൂണുകളെ കേന്ദ്രീകരിച്ചായിരുന്നു. നിങ്ങളുടെ സഹകരണവും പിന്തുണയും കൊണ്ട് നമ്മുടെ പൊതുവായ കാഴ്ചപ്പാടിനെ എല്ലാവർക്കും പ്രയോജനപ്പെടുന്ന സഹകരണമായി മാറ്റാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.ആഗോള ദക്ഷിണ രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും മോദിയുടെ പ്രസംഗത്തിലെ പ്രധാന വിഷയമായി. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസനത്തിലോ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലോ ഉള്ള രാജ്യങ്ങളെ പൊതുവെ സൂചിപ്പിക്കുന്ന പദമാണ് ‘ഗ്ലോബൽ സൗത്ത്’.
ബ്രിക്സിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള വളർച്ച പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ബ്രിക്സിനുള്ളിൽ വികസിപ്പിക്കുന്ന പരിഹാരങ്ങൾ ബ്രിക്സ് രാജ്യങ്ങൾക്ക് മാത്രം പ്രയോജനപ്പെടുന്നതാകരുത്. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവ ലഭ്യമാക്കണം. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ബ്രിക്സിലുള്ള വിശ്വാസം വർധിച്ചുവരികയാണെന്നും അവരുടെ ശബ്ദം കേൾക്കുകയും അനുഭവങ്ങളെ മാനിക്കുകയും അവർക്കായി മാത്രമല്ല, അവരോടൊപ്പം ചേർന്നാണ് പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് അതിന് കാരണമെന്നും വ്യത്യസ്ത യാഥാർഥ്യങ്ങളിൽ നിന്നാണ് നമ്മൾ വരുന്നതെങ്കിലും സഹകരണത്തിലൂടെ ഒരുമിച്ച് മുന്നേറാനും മനുഷ്യരാശിയുടെ പുരോഗതിക്കായി പ്രവർത്തിക്കാനും നമുക്ക് കഴിയുന്നുവെന്നും മോദി പറഞ്ഞു.
വിഭജിതമായിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ സഹകരണത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടിക്കൊണ്ട് ബ്രിക്സ് രാജ്യങ്ങൾ അംഗീകരിച്ച വിവിധ പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും അവയോട് പ്രതികരിക്കുന്നതിനുമായി ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ ‘ഏർലി വാണിങ് സിസ്റ്റം’ രൂപീകരിക്കുന്നതിൽ ഉണ്ടായ സമവായമാണ് പ്രധാന നേട്ടമെന്ന് മോദി പറഞ്ഞു.നവീകരണ മേഖലയിൽ ബ്രിക്സ് ഇൻകുബേറ്റർ നെറ്റ്‌വർക്ക് നമ്മുടെ സ്റ്റാർട്ടപ്പുകളെയും ഇൻകുബേറ്ററുകളെയും ബന്ധിപ്പിക്കും. നവീനവും വിപുലീകരിക്കാവുന്നതുമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട് നിർദേശിച്ചിട്ടുണ്ട്. ബ്രിക്സ് ഡിജിറ്റൽ അഗ്രികൾച്ചർ നെറ്റ്‌വർക്ക് കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി.
ഇതിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ കർഷകരുടെ യഥാർഥ ആവശ്യങ്ങളുമായി ഏകോപിപ്പിക്കാൻ കഴിയുമെന്നും മോദി കൂട്ടിച്ചേർത്തു.
Putting inclusivity at the centre of his closing remarks at the BRICS Summit, Prime Minister Narendra Modi on Sunday cautioned against the “weaponisation” of technology and critical minerals, saying such measures could create “hurdles” to common growth.









