
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഭരണത്തിലേറാൻ ശ്രമിക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് പിന്തുണ നൽകാൻ ഡിഎംകെ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ബിജെപിയുമായുള്ള ബന്ധം അണ്ണാ ഡിഎംകെ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന കടുത്ത ഉപാധിയാണ് ഡിഎംകെ മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടൻ വിജയിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നിർണ്ണായക ശക്തിയായി മാറിയ സാഹചര്യത്തിലാണ് പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈര്യം മറന്ന് ദ്രാവിഡ പാർട്ടികൾ ഒന്നിക്കുന്നത്. 234 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. ടിവികെ സഖ്യത്തിന് 112 സീറ്റുകളാണുള്ളത്. 59 സീറ്റുകളുള്ള ഡിഎംകെയും 47 സീറ്റുകളുള്ള അണ്ണാ ഡിഎംകെയും കൈകോർത്താൽ ടിവികെയുടെ അധികാര പ്രവേശം തടയാനാകും.
ബിജെപിയെ ഭരണത്തിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും പൂർണ്ണമായും അകറ്റി നിർത്തുക എന്നതാണ് ഡിഎംകെയുടെ പ്രധാന ലക്ഷ്യം. വിസികെ പോലുള്ള ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ഉപാധിയും ചർച്ചകളിൽ ഉയരുന്നുണ്ട്. ദ്രാവിഡ രാഷ്ട്രീയം നിലനിർത്താൻ അണ്ണാ ഡിഎംകെ ബിജെപിയെ തള്ളിക്കളയുമോ എന്നാണ് തമിഴ്നാടും ഉറ്റുനോക്കുന്നത്.
വിജയ് അധികാരത്തിലെത്തുന്നത് എഐഎഡിഎംകെ നേതാവ് എം.ജി.രാമചന്ദ്രൻ തമിഴ്നാട്ടിൽ ശക്തികേന്ദ്രമായതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസമുണ്ടാക്കുമെന്നും ഡിഎംകെ ഉദയനിധി സ്റ്റാലിൻ വിഭാഗം ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Political uncertainty continues in Tamil Nadu: DMK says it will support AIADMK if it cuts ties with BJP














