
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പശ്ചിമ ബംഗാളിൽ നടന്ന സമാന നിയമനവുമായി താരതമ്യം ചെയ്താണ് അദ്ദേഹം വിമർശനം ഉയർത്തിയത്. കേരളത്തെക്കുറിച്ച് കെ.സി. വേണുഗോപാലിന് വ്യക്തമായ നിലപാട് പറയാനാകുന്നില്ലെന്നും കോൺഗ്രസിനകത്ത് തന്നെ ഈ വിഷയത്തിൽ ഭിന്നതകളുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. നിയമനത്തെ ശക്തമായി ന്യായീകരിക്കാനോ എതിർക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായിരുന്നു രത്തൻ ഖേൽക്കറെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. നിയമനത്തിന് പിന്നിൽ എന്തെങ്കിലും “ഡീൽ” ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, അതുസംബന്ധിച്ച കാര്യങ്ങൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കോ കെ.സി. വേണുഗോപാലിനോ വ്യക്തമായ മറുപടിയില്ലെന്നും, കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. കാര്യങ്ങൾ ഓരോന്നായി പുറത്തുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനത്തെ ദേശീയ തലത്തിലും രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തെത്തി. പശ്ചിമ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുമ്പ് രംഗത്തെത്തിയിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ പ്രതിഫലനമാണ് നിയമനമെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. കേരളത്തിൽ സമാന നിയമനം നടന്നതോടെ, അന്നത്തെ നിലപാട് ചൂണ്ടിക്കാട്ടി ബിജെപി ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തോട് ചോദ്യങ്ങൾ ഉയർത്തുകയാണ്. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധി കേരളത്തിലെ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നുമാണ് ബിജെപിയുടെ വിമർശനം.












