
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ നേതാക്കളും 250-ഓളം എം.പിമാരും ചേർന്ന് പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹി രാജാജിമാർഗിലെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ അണിനിരന്നു. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ നിർവാഹമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്നോ നാളെയോ ഗ്യാനേഷ് കുമാറിന് ജനത്തെ നേരിടേണ്ടി വരും. മോദിയേയും അമിത് ഷായേയും കൈകാര്യം ചെയ്തോളാം. പക്ഷേ അവരുടെ ആയുധമായി എല്ലാ കാലവും കഴിയാൻ നിങ്ങൾക്കാവില്ല. ഭരണഘടനക്ക് വേണ്ടിയുള്ള പരിശുദ്ധ പോരാട്ടമാണിതെന്നും രാഹുൽ വ്യക്തമാക്കി
മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായും സൗഗത റായ്, അവധേഷ് പ്രസാദ് എന്നിവർ ഡെപ്യൂട്ടി ഓഫീസർമാരായും നടപടികൾ നിയന്ത്രിച്ചു. രാജ്യത്ത് വോട്ടർപട്ടികയിൽ വലിയ അട്ടിമറിയാണ് നടന്നതെന്നും പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനധികൃതമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മീരാ കുമാർ കുറ്റപ്പെടുത്തി. സാധാരണഗതിയിൽ പാർലമെന്റിൽ നടക്കേണ്ട ഇംപീച്ച്മെന്റ് ചർച്ചകൾ പ്രതിപക്ഷത്തിന് തെരുവിൽ നടത്തേണ്ടി വരുന്നത് ബി.ജെ.പി സർക്കാരിന്റെ അരാജകത്വം മൂലമാണെന്ന് സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ ജനകീയ പ്രക്ഷോഭം നാളെ മഹാറാലിയായി മാറ്റി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സഖ്യനേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രതീകാത്മക വിചാരണയിൽ മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശാനുസരണം രാജ്യത്തെ ജനാധിപത്യവും വോട്ടവകാശവും തകർക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. കമ്മീഷന്റെ ഐ.ടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ രാഹുൽ ഗാന്ധിയാണ് പുറത്തുകൊണ്ടുവന്നതെന്നും വ്യക്തമാക്കി. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട അനിത ജയ്സ്വാൾ അടക്കമുള്ള സാധാരണക്കാരും ടി.എം.സി എം.പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ചു.
ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി 13 കോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതടക്കം 7 പ്രധാന കുറ്റങ്ങളാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാർലമെന്റ് അറിയാതെ ഫോം 6-ൽ മാറ്റം വരുത്തുക, ഇ.സി.ഐ നെറ്റ് സംവിധാനം അട്ടിമറിക്കുക, സഹ കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക എന്നിവയാണ് മറ്റ് പ്രധാന ആരോപണങ്ങൾ. കമ്മീഷണർക്കെതിരായ പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കിയ ശേഷം ദേശീയ ഗാനത്തോടെയാണ് പ്രതിഷേധ നടപടികൾ അവസാനിച്ചത്.
Gyanesh Kumar Must Resign, Says Rahul Gandhi: INDIA Alliance Passes Resolution in Symbolic Mock Trial













