
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിൻ്റെ പ്രതികരണം.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രിയും 13 മന്ത്രിമാരും പിന്നിലായ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദമായ “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന പരാമർശം ഏറെ ചർച്ചയായിരുന്നു. പത്തനംതിട്ടയിലെ കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിടെ സദസ്സിലിരുന്ന ഒരു പ്രവർത്തകൻ ചോദ്യം ചോദിക്കാൻ മുതിർന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ “അതൊക്കെ വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന വിവാദ പരാമർശം നടത്തിയത്. വികസന കാര്യങ്ങൾ ചോദിക്കാനാണ് താൻ ശ്രമിച്ചതെന്ന് പിന്നീട് പ്രവർത്തകൻ വിശദീകരിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ ഈ പ്രതികരണം വലിയ ധാർഷ്ട്യമായാണ് പ്രതിപക്ഷവും പൊതുജനങ്ങളും വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യു.ഡി.എഫ് ഈ വിഷയം ആയുധമാക്കുകയും ഭരണകൂടത്തിൻ്റെ അഹങ്കാരത്തിനുള്ള മറുപടി ജനങ്ങൾ നൽകുമെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
ഇതിനെ മുൻനിർത്തിയാണ് “വീട്ടിൽ പോയി ഇരിക്കാൻ ജനം പറഞ്ഞു” എന്ന മറുപടി രാഹുൽ നൽകിയത്. വോട്ടെണ്ണൽ നിർണ്ണായക ഘട്ടങ്ങൾ പിന്നിടുമ്പോൾ മുഖ്യമന്ത്രി ധർമ്മടത്ത് പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിലെത്തിയപ്പോൾ അദ്ദേഹം ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോഴാണ് പിണറായി ലീഡ് ചെയ്യുന്നത്.
നിലവിൽ, എൽഡിഎഫ് 38, യുഡിഎഫ് 100, എൻഡിഎ 2 എന്നിങ്ങനെയാണ് സീറ്റ് നില. ഇത് പ്രതിപക്ഷ ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Rahul Mangkootathil mocks Chief Minister Pinarayi Vijayan











