നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ രമേശ് ചെന്നിത്തല അംഗമായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് നടത്തിയ അനുനയ നീക്കങ്ങൾ ഫലം കാണുന്നതായാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് എത്തുന്നതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിലും വകുപ്പുകളിലും അന്തിമ തീരുമാനമുണ്ടാകും.
രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയ വി.ഡി. സതീശനും ദീപാദാസ് മുൻഷിയും അദ്ദേഹവുമായി ദീർഘനേരം ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുന്നത് സർക്കാരിന് കൂടുതൽ കരുത്തേകുമെന്നാണ് വി.ഡി. സതീശന്റെയും നിലപാട്.
വൈകുന്നേരത്തോടെ കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളിൽ വകുപ്പുകൾ സംബന്ധിച്ച ധാരണയാകും. ചെന്നിത്തലയ്ക്ക് നിർണ്ണായകമായ വകുപ്പുകൾ തന്നെ നൽകാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. അതേസമയം, കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂവെന്നും നേതാക്കൾ വ്യക്തമാക്കി.
Ramesh Chennithala Likely to Join Satheesan Cabinet Following High Command’s Mediation












