
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകി. ‘ഓപ്പറേഷൻ തൂഫാൻ – ദ നർക്കോ ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ബൃഹത്തായ സുരക്ഷാ പദ്ധതി ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അധികാരമേറ്റതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം ആഭ്യന്തര വകുപ്പിൻ്റെ നിർണായകമായ പുതിയ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു.
ലഹരി മാഫിയയെ പൂർണ്ണമായി നിയന്ത്രിക്കുകയും വിതരണ ശൃംഖല തകർക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പൂർണ്ണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവരെയും പൊലീസിനെ വെല്ലുവിളിക്കുന്നവരെയും യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, പുതിയ കാലത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി വേട്ടയ്ക്ക് പുറമെ, സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്താനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളെയും ജനസൗഹൃദ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങളെ പൊലീസുകാർ ‘ഗുഡ് മോണിംഗ്’ പറഞ്ഞു വേണം ഇനി സ്വീകരിക്കാൻ. പൊതുജനങ്ങളുടെ പരാതികൾ പൂർണ്ണ സമചിത്തതയോടെ കേൾക്കാനും പരിഹാരം കാണാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ പൂർണ്ണമായും വൃത്തിയാക്കി സൂക്ഷിക്കും. സ്റ്റേഷനുകളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യും. കാലാനുസൃതമായ മാറ്റങ്ങളോടെ പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ഡി.ജി.പിയും പൊലീസ് ഉപദേഷ്ടാവും വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രിക്കൊപ്പം പങ്കെടുത്തു.
Ramesh Chennithala says ‘Operation Toofan’ will be launched to catch the drug mafia













