മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചിട്ടില്ല, വാർത്തകൾ നിഷേധിച്ച് സതീശൻ പക്ഷം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ തിരുവനന്തപുരത്ത് സജീവമാകുമ്പോൾ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് കടുക്കുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി.ഡി. സതീശൻ മന്ത്രിസഭയിലേക്ക് ഉണ്ടാകില്ലെന്ന് അദ്ദേഹം നിരീക്ഷകരെ അറിയിച്ചതായുള്ള വാർത്തകൾ സതീശൻ പക്ഷം നിഷേധിച്ചു. ഇത്തരമൊരു നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ നിരീക്ഷകർക്ക് മുന്നിലല്ല പറയേണ്ടതെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എംഎൽഎമാരുടെ എണ്ണം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മാനദണ്ഡമാക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ അധികാരം എഐസിസി അധ്യക്ഷന് വിട്ടുകൊണ്ട് കെപിസിസി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗം പ്രമേയം പാസാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഓരോ എംഎൽഎമാരെയും നേരിട്ട് കണ്ട് അഭിപ്രായം തേടുകയാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിക്കും. നിരീക്ഷകർ ദില്ലിയിൽ തിരിച്ചെത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. വരും ദിവസങ്ങളിൽ ദില്ലിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമേ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂ. ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവിലെ സൂചന.

Satheesan Camp Denies Rumors of Rejecting Minister Post; High Command to Take Final Call on Kerala CM Selection

More Stories from this section

family-dental
witywide