പടക്കളത്തിൽ പൊരുതിയ പടനായകൻ; മതേതര കേരളത്തെ സതീശൻ നയിക്കട്ടെ! കാഞ്ഞിരപ്പള്ളിയിലും ഫ്ലക്സ് ബോർഡ്

കാഞ്ഞിരപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സതീശനെ പടനായകനായി വിശേഷിപ്പിച്ചുകൊണ്ടുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നത്.

“പടക്കളത്തിൽ പൊരുതിയ പടനായകൻ വി.ഡി. സതീശൻ മതേതര കേരളത്തെ നയിക്കട്ടെ” എന്നാണ് ബോർഡിലെ വാചകങ്ങൾ. തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിനെ സജീവമായി നയിച്ച പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതാണ് ഫ്ലക്സിലെ വരികൾ.

ബോർഡ് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഫ്ലക്സിന്റെ താഴെയായി ‘ജയ് കോൺഗ്രസ്’ എന്ന് കുറിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് മുൻപേ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളിയിലും സമാനമായ രീതിയിൽ അണികളുടെ ആവേശം പ്രകടമാകുന്നത്.

കോഴിക്കോട് മാവൂർ റോഡിലും ഡി.സി.സി ഓഫീസിന് സമീപവും ‘സേവ് കോൺഗ്രസ് ഫോറം’ ബോർഡുകൾ സ്ഥാപിച്ചപ്പോൾ, കണ്ണൂരിലെ മട്ടന്നൂരിലും ശ്രീകണ്ഠാപുരത്തും ‘നിയുക്ത മുഖ്യമന്ത്രി’ എന്ന വിശേഷണത്തോടെയാണ് സതീശനെ പിന്തുണച്ചത്. കൂടാതെ ഇടുക്കിയിലെ തൊടുപുഴയിലും മലപ്പുറത്തെ വണ്ടൂർ, കാലടി എന്നിവിടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ സമാനമായ രീതിയിൽ ബോർഡുകൾ സ്ഥാപിച്ചു.

അതേസമയം, ഇത്തരം ബോർഡുകൾ രാഷ്ട്രീയ വിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും കാരണമാകുന്നുണ്ട്. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ സതീശനെതിരെയും ബോർഡുകൾ ഉയർന്നത് കോൺഗ്രസിനുള്ളിലെ ഭിന്നതകൾ പുറത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് കെ.പി.സി.സി കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും, വോട്ടെണ്ണലിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ അണികളുടെ ആവേശം നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല.

Satheesan’s flex board in Kanjirapally too

More Stories from this section

family-dental
witywide