മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രിയും കാതോലിക്കാ ബാവായുമടക്കമുള്ളവർ

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് അദ്ദേഹം. ഈയിടെ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത് ജിജോയാണ്. സംസ്കാരം പിന്നീട് നടക്കും.

2015-ലെ പ്രശസ്തമായ രാംനാഥ് ഗോയങ്ക പുരസ്കാരത്തിന് അദ്ദേഹം അർഹനായിട്ടുണ്ട്. കൂടാതെ മലയാള മനോരമയിലെ പത്രപ്രവർത്തന മികവിനായി നൽകുന്ന ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ 2020-ൽ അദ്ദേഹം നേടിയിരുന്നു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെയാണ് മലയാള മനോരമയിൽ പത്രാധിപ സമിതി അംഗമായി ചേർന്നത്. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിലെ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവർ മക്കളാണ്.

ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതിനപ്പുറം തനിക്ക് ആത്മബന്ധമുള്ള അടുത്ത സുഹൃത്തായിരുന്നു ജിജോ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ സ്മരിച്ചു.

മുഖ്യമന്ത്രിയുടെ അനുസ്മരണം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫിസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫിസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ഇനി ജിജോ ഇല്ലെന്ന യാഥാർഥ്യം ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു.മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറം, ജിജോ എന്റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും എനിക്ക് അത്രയേറെ ആത്മബന്ധമുണ്ട്. കഴിഞ്ഞ ദിവസവും ഞങ്ങള്‍ കാണുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.എംഎല്‍എയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുമെല്ലാം വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം ഞാന്‍ ജിജോയുമായി ആശയവിനിമയം നടത്തുന്നത് പതിവായിരുന്നു. നിയമസഭാ സമ്മേളന നാളുകളില്‍ അത് എന്റെ ഹോംവര്‍ക്കിന്റെ ഭാഗം കൂടിയായിരുന്നു. അത്രമേല്‍ അടുത്ത വ്യക്തിബന്ധമുള്ള പ്രിയസുഹൃത്തിന്റെ വേര്‍പാട് എന്നെ വല്ലാതെ ഉലയ്ക്കുന്നു, വേദനിപ്പിക്കുന്നു.പത്രപ്രവര്‍ത്തന രംഗത്ത് ജിജോ പുലര്‍ത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണ്. 2015-ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി വാര്‍ത്തകളാണ് ജിജോ പുറത്തുകൊണ്ടുവന്നത്.’ജിജോ ജോണ്‍ പുത്തേഴത്ത്’ എന്ന ബൈലൈന്‍ ഇനിയുണ്ടാകുകയില്ലെന്ന യാഥാർഥ്യം വേദനയോടെ തിരിച്ചറിയുന്നു. പക്ഷേ, ആ പേര് എന്റെ മനസ്സില്‍ എന്നുമുണ്ടാകും. അത് ജിജോ എഴുതിയ വാര്‍ത്തകളുടെ പേരില്‍ മാത്രമല്ല, അത്രമാത്രം ദൃഢമായ ഒരു സൗഹൃദത്തിന്റെ കൂടി ഭാഗമാണത്. പ്രിയപ്പെട്ട ജിജോയ്ക്ക് വിട.

കാതോലിക്കാ ബാവായുടെ അനുസ്മരണം

പത്രവായനക്കാർക്ക് സുപരിചിതമായ ബൈലൈനാണ് ജിജോ ജോൺ പുത്തേഴത്തിന്റേതെന്നും അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ പിറന്ന വാർത്തകളാണ് ആ പേരിനെ മലയാളികളുടെ മനസ്സിൽ അടയാളപ്പെടുത്തുന്നതെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അന്വേഷണാത്മക പത്രപ്രവർത്തനരംഗത്തെ എണ്ണംപറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ജിജോ. ക്രിയാത്മകവും പ്രതിബദ്ധതയാർന്നതുമായ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായി ഗോയങ്ക പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അടുത്തിടെ മുളന്തുരുത്തിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ദേശീയശ്രദ്ധ നേടിയ 700 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താപരമ്പര തുടർച്ചയായ ദിവസങ്ങളിൽ മനോരമയിൽ വായിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു. ജിജോയുടെ ആകസ്മിക വേർപാടിലൂടെ അദ്ദേഹം പിന്തുടർന്നിരുന്ന അനേകം വാർത്തകൾക്ക് അപ്രതീക്ഷിത വിരാമം കുറിക്കപ്പെട്ടേക്കാം. എന്നാൽ, ആ തൂലികയിലൂടെ മലയാളി വായിച്ചറിഞ്ഞ വാർത്തകൾക്ക് ഒരിക്കലും മരണമില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

Senior Journalist and Malayala Manorama Special Correspondent Jijo John Puthezath Passes Away

More Stories from this section

family-dental
witywide