
ഒക്ലഹോമ സിറ്റി: അമേരിക്കയിലെ ഒക്ലഹോമയിലുള്ള അർക്കാഡിയ ലേക്കിൽ നടന്ന പാർട്ടിക്കിടെയുണ്ടായ വെടിവയ്പ്പിൽ 23 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എഡ്മണ്ട് നഗരത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി നടത്തിയ ‘സൺഡേ ഫൺഡേ’ എന്ന പാർട്ടിയിലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് എത്തിയത്. രാത്രി പത്ത് മണിയോടെ പാർട്ടി നടന്നുകൊണ്ടിരിക്കെ അക്രമിസംഘം ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും 16 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. വെടിവയ്പ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് പേരാണ് വെടിവയ്പ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി എഡ്മണ്ട് പൊലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പാർട്ടിക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്നും തോക്കുകളും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒക്ലഹോമ പൊലീസ് മേധാവി അറിയിച്ചു.
Shooting at Oklahoma lake party: 23 injured; search continues for suspects















