
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. യു.എസ് രഹസ്യപ്പൊലീസ് (സീക്രട്ട് സർവീസ്) നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ 17-ാം സ്ട്രീറ്റിലെയും പെൻസിൽവേനിയ അവന്യൂവിലെയും കവലയിലാണ് സംഭവം. ജനത്തിരക്കുള്ള പ്രദേശത്ത് എത്തിയ ഒരാൾ പെട്ടെന്ന് തൻ്റെ ബാഗിൽ നിന്ന് തോക്കെടുത്ത് ചുറ്റുമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന രഹസ്യപ്പൊലീസ് തിരിച്ചടിച്ചു. വെടിയേറ്റ പ്രതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അക്രമിയുടെ വെടിയേറ്റ് ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കുകളില്ല. സംഭവസമയത്ത് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്കോ വൈറ്റ് ഹൗസിൻ്റെ പ്രവർത്തനങ്ങൾക്കോ യാതൊരുവിധ തടസ്സവും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അക്രമി ആരാണെന്നോ വെടിവെപ്പിൻ്റെ കാരണമെന്താണെന്നോ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സീക്രട്ട് സർവീസ് അറിയിച്ചു.
Shooting near the White House: The attacker, who was seriously injured, died















