
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്. അക്രമി ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. 30 തവണ വെടിയൊച്ച കേട്ടതായി സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തർ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ട് വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവെയ്പ്പ് നടന്നത്.
വെടിവെയ്പ്പ് നടത്തിയ അക്രമിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യു.എസ്. നിയമപാലകർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
സംഭവം നടക്കുമ്പോൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവെയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിംഗിലായിരുന്ന എബിസി ന്യൂസ് ലേഖിക സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ ഡസൻ കണക്കിന് വെടിയൊച്ചകൾ കേട്ടതായി സാക്ഷ്യപ്പെടുത്തി. എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്.
ഒരു മാസം മുൻപ് വാഷിംഗ്ടണിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.














