വൈറ്റ് ഹൗസിന് പുറത്തെ വെടിവെപ്പ്: കൊല്ലപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞു, 21 കാരൻ നാസിർ ബെസ്റ്റ്, മാനസികാരോഗ്യ പ്രശ്നമുള്ള ഇയാൾ മുൻപും അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു, യേശുക്രിസ്തുവിൻ്റെ അവതാരമെന്നും അവകാശം

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞു. 21 വയസുകാരനായ നാസിർ ബെസ്റ്റ് ആണ് കൊല്ലപ്പെട്ടതെന്ന് ബിബിസിയുടെ യുഎസ് മാധ്യമ പങ്കാളിയായ സിബിഎസ് റിപ്പോർട്ട് ചെയ്തു.

പ്രതിക്ക് മുൻപും യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കുന്നു. താൻ യേശുക്രിസ്തുവിൻ്റെ ആധുനിക കാലത്തെ അവതാരമാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി യുഎസ് മാധ്യമമായ ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. മുൻപും സുരക്ഷാ വിഭാഗവുമായി നിരവധി തവണ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് നാസിർ ബെസ്റ്റ്. 2025 ജൂൺ 26-ന് വാഷിംഗ്ടണിലെ 15-ാം സ്ട്രീറ്റിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ നിർബന്ധപൂർവ്വം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവിടെനിന്ന് ഇറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ, ജൂലൈ 10-ന്, വൈറ്റ് ഹൗസിലെ കനത്ത സുരക്ഷയുള്ള കാൽനടയാത്രാ നിയന്ത്രണ പോസ്റ്റ് വെട്ടിച്ച് ഇയാൾ അകത്തുകടക്കാൻ ശ്രമിച്ചു. അന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോഴാണ് താൻ യേശുവിൻ്റെ അവതാരമാണെന്ന വിചിത്ര അവകാശവാദം ഇയാൾ ഉന്നയിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസിന് പുറത്ത് കാവൽ നിന്നിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതി ബാഗിൽ നിന്ന് തോക്കെടുത്ത് വെടിയുതിർത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചതോടെ പ്രതി കൊല്ലപ്പെടുകയായിരുന്നു. പ്രതിയുടെ വെടിയേറ്റ് ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും പരിസരപ്രദേശങ്ങളും കനത്ത പൊലീസ് കാവലിലാണ്. പ്രസിഡൻ്റിൻ്റെ വസതിയിലേക്കുള്ള റോഡുകളെല്ലാം പൂർണ്ണമായും അടച്ചു. തെളിവെടുപ്പ് നടപടികൾ തുടരുന്നതിനാൽ ഈ പ്രദേശങ്ങൾ രാത്രി മുഴുവൻ അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. നിരവധി അന്താരാഷ്ട്ര മാധ്യമപ്രവർത്തകരടക്കം സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. വൈറ്റ് ഹൗസ് പരിസരത്ത് കനത്ത ജാഗ്രത തുടരുമ്പോഴും നഗരത്തിലെ മറ്റ് ഭാഗങ്ങൾ സാധാരണ നിലയിലാണ്.

Shooting outside White House: Suspect identified as 23-year-old Nasir Best, mentally ill, had attempted break-ins before

More Stories from this section

family-dental
witywide