അവസാന നിമിഷം റദ്ദാക്കി സ്റ്റാർഷിപ്പ് സൂപ്പർ ഹെവി വിക്ഷേപണം; റദ്ദാക്കിയത് വിശദീകരിച്ച് മസ്ക്

സ്പേസ്എക്‌സിൻ്റെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിൻ്റെ 13-ാമത് പരീക്ഷണ വിക്ഷേപണം അവസാന നിമിഷം റദ്ദാക്കി. ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ പൂജ്യത്തിലെത്തിയ (T-0) സമയത്ത് ഓട്ടോമാറ്റിക് അബോർട്ട് സംവിധാനം പ്രവർത്തിച്ചതോടെ വിക്ഷേപണം നിലച്ചു. അതേസമയം, സൂപ്പർ ഹെവി ബൂസ്റ്ററിലെ 33 റാപ്റ്റർ എൻജിനുകളിൽ ചിലത് സ്റ്റാർട്ട്-അപ്പ് ഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചില്ലെന്നും ഇതോടെ സുരക്ഷാ സംവിധാനങ്ങൾ വിക്ഷേപണം സ്വമേധയാ റദ്ദാക്കിയതെന്നും സംഭവത്തിൽ സ്പേസ് എക്സസ് സ്ഥാപകൻ ഇലോൺ മസ്ക‌് വിശദീകരിച്ചു.

സുരക്ഷാ സംവിധാനങ്ങൾ വിക്ഷേപണം സ്വമേധയാ റദ്ദാക്കിയതിനെ തുടർന്ന് റോക്കറ്റിലെ ഇന്ധനം പുറത്തേക്ക് ഒഴുക്കുന്ന നടപടികളും ആരംഭിച്ചു. ചില എൻജിനുകൾ പ്രവർത്തനം ആരംഭിച്ചില്ല. അതിനാൽ ഓട്ടോമാറ്റിക് ലോഞ്ച് അബോർട്ട് സംവിധാനം പ്രവർത്തിച്ചു. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ രണ്ട് റാപ്റ്റർ എൻജിനുകൾ മാറ്റി സ്ഥാപിക്കുമെന്നും അടുത്ത ആഴ്ച വീണ്ടും വിക്ഷേപണശ്രമം നടത്താനാണ് ലക്ഷ്യമെന്നും ഇലോൺ മസ്‌ക് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലുതും ശക്തിയെറിയതുമായ റോക്കറ്റാണ് ഏകദേശം 400 അടി ഉയരുള്ള സ്റ്റാർഷിപ്പ് . 33 റാപ്റ്റർ എൻജിനുകളുള്ള സൂപ്പർ ഹെവി ബൂസ്റ്ററും ആറു റാപ്റ്റർ എൻജിനുകളുള്ള സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. രണ്ട് ഘട്ടങ്ങളും പൂർണമായും പുനരുപയോഗിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പേസ് എക്സിന്റെ ബഹിരാകാശ യാത്രയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് ഈ സാങ്കേതികവിദ്യയ്ക്ക് നിർണായക സ്ഥാനമുണ്ട്. നിലവിൽ എൻജിനുകളിലെ തകരാർ പരിശോധിച്ചശേഷം അടുത്ത വിക്ഷേപണത്തിനുള്ള നീക്കമാണ് സ്പേസ് എക്സ് നടത്തുന്നത്.

ഇതിൽ, വിക്ഷേപണത്തിനിടെ എന്തെങ്കിലും തകരാർ കണ്ടെത്താനായാൽ വിക്ഷേപണം ഉടൻ റദ്ദാക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത സംവിധാനമാണ് ഓട്ടോമാറ്റിക് അബോർട്ട്. ഈ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിച്ചതിനാലാണ് സ്റ്റാർഷിപ്പ് വിക്ഷേപണം അവസാന നിമിഷം റദ്ദാക്കാൻ കഴിഞ്ഞത്. ഇന്റഗ്രേറ്റഡ് ളൈറ്റ് ടെസ്റ്റ്-13 (IFT-13) എന്നറിയപ്പെടുന്ന ഈ പരീക്ഷണ ദൗത്യത്തിൽ അടുത്ത തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ മാതൃകകൾ വിന്യസിക്കുക, ബഹിരാകാശത്തുവെച്ച് റാപ്റ്റർ എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുക, സൂപ്പർ ഹെവി ബൂസ്റ്ററിനെയും സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജിനെയും നിയന്ത്രിതമായി സമുദ്രത്തിലിറക്കുന്ന പരീക്ഷണം പൂർത്തിയാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

ഭാവിയിൽ നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യങ്ങൾക്കും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ദീർഘകാല പദ്ധതികൾക്കും ഈ പരീക്ഷണങ്ങൾ നിർണായകമാണ്. 12 പരീക്ഷണ ദൗത്യങ്ങളിലൂടെ സ്റ്റേജ് സെപ്പറേഷൻ, അന്തരീക്ഷത്തിലേക്കുള്ള നിയന്ത്രിത തിരിച്ചുവരവ്, സ്റ്റാർബേസിലെ ലോഞ്ച് ടവർ ആംസ് ഉപയോഗിച്ച് തിരിച്ചെത്തിയ സൂപ്പർ ഹെവി ബൂസ്റ്റർ പിടിച്ചിറക്കൽ തുടങ്ങിയ സുപ്രധാന നേട്ടങ്ങൾ സ്റ്റാർഷിപ്പ് ഇതിനകം കൈവരിച്ചിട്ടുണ്ട്.

Starship Super Heavy launch aborted at the last minute; Musk explains the cancellation.

More Stories from this section

family-dental
witywide