ഹോർമുസ് കടലിടുക്ക്: ഇറാൻ–ഒമാൻ ധാരണ അന്തിമഘട്ടത്തിൽ; പരമോന്നത നേതാവിന്റെ അംഗീകാരം കാത്ത് ചർച്ചകൾ

ടെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം പുനരാരംഭിക്കുന്നതിനായുള്ള ഇറാൻ–ഒമാൻ ധാരണ അന്തിമഘട്ടത്തിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കരാറിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമേനിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽഗതാഗത പാതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയുടെ കരട് തയ്യാറാക്കൽ അവസാനഘട്ടത്തിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഘായി പറഞ്ഞു. എന്നാൽ “ചില മൂന്നാംകക്ഷികളുടെ ഇടപെടലില്ലാതെ” നടപടികൾ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് അമേരിക്കയെ ഉദ്ദേശിച്ചുള്ള പരാമർശമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കരാറിന് അന്തിമ അംഗീകാരം നൽകേണ്ടത് ഖമേനിയാണ്. യുദ്ധം ആരംഭിച്ച ദിവസങ്ങളിൽ പരിക്കേറ്റെന്നാണ് കരുതപ്പെടുന്ന അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായുള്ള കരാറിനെക്കുറിച്ച് 48 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്ന് പറഞ്ഞു. ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ സമാന അവകാശവാദങ്ങൾ മുമ്പും യാഥാർഥ്യമായിട്ടില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പുതിയ കപ്പൽപാതയിൽ ആശയക്കുഴപ്പം

കരാറിന്റെ ഭാഗമായി ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ഇറാന്റെ നിയന്ത്രണത്തിലുള്ള പാതയിലൂടെയും പുറത്തേക്ക് പോകുന്ന കപ്പലുകൾ ഒമാന്റെ ഭാഗത്തുകൂടിയുള്ള പാതയിലൂടെയും സഞ്ചരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദി, ഇരുദിശയിലുമുള്ള കപ്പലുകളും ഇറാന്റെ പ്രാദേശിക ജലപരിധിയിലൂടെയായിരിക്കും സഞ്ചരിക്കുകയെന്നാണ് വ്യക്തമാക്കിയത്. ഇതോടെ കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

കപ്പൽഗതാഗത ഫീസിലും ഭിന്നത

ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ചരക്കിന്റെ മൂല്യത്തിന്റെ 5 മുതൽ 7 ശതമാനം വരെ ഫീസ് ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഒമാൻ ഏകദേശം 3 ശതമാനം ഫീസാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് യാതൊരു തരത്തിലുള്ള ടോൾ ഈടാക്കുന്നതും അമേരിക്ക അംഗീകരിക്കില്ലെന്ന് വാഷിങ്ടൺ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, “ടോൾ” എന്നതിന് പകരം പരിസ്ഥിതി സംരക്ഷണം, ചരക്ക് സുരക്ഷ, ജീവനക്കാരുടെ സേവനം എന്നിവയ്ക്കുള്ള ‘സർവീസ് ഫീസ്’ ഈടാക്കി അതിന്റെ വരുമാനം ഇറാനും ഒമാനും തുല്യമായി പങ്കിടുന്ന മാതൃകയും ചർച്ചയിലുണ്ട്.

താൽക്കാലിക ക്രമീകരണം മാത്രം

രണ്ട് മുതൽ നാല് മാസം വരെ പ്രാബല്യത്തിൽ തുടരുന്ന താൽക്കാലിക കപ്പൽഗതാഗത പാത സംബന്ധിച്ചാണ് ഇപ്പോഴത്തെ ചർച്ചകളെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഇതുകൊണ്ട് ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കപ്പെടുമെന്ന് അർഥമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആണവ ചർച്ചകൾക്ക് തുടക്കമായിട്ടില്ല

ഹോർമുസ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള അമേരിക്ക–ഇറാൻ ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നിലവിലെ സാഹചര്യം ഇസ്ലാമിക വിപ്ലവത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും പ്രയാസകരമായ കാലഘട്ടമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്തെ എണ്ണ-ദ്രവീകൃത പ്രകൃതി വാതക വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു നടന്നിരുന്നത്. അഞ്ചുമാസത്തിലേറെയായി ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില ഉയർന്ന നിലയിലാണ്. ദിവസേന ലോകവിപണിയിലെത്തേണ്ട ഏകദേശം 1.5 കോടി ബാരൽ ക്രൂഡ് ഓയിൽ ഇപ്പോഴും തടസ്സപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Strait of Hormuz: Iran-Oman agreement in final stages; talks await Supreme Leader’s approval.

More Stories from this section

family-dental
witywide