സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി, ലോക്സഭ പ്രതിപക്ഷ നേതാവും മറ്റ് മുഖ്യമന്ത്രിമാരും പാടില്ലെന്ന് രാജ്ഭവൻ

സതീശൻ മന്ത്രിസഭയുടെ നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളുമായി രാജ്ഭവൻ. സത്യപ്രതിജ്ഞ നടത്തുന്ന വേദിയിൽ മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ മാത്രമേ പാടുള്ളൂവെന്നാണ് നിർദ്ദേശം. ലോക്‌സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രോട്ടോക്കോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നുവെങ്കിലും, വേദിയിൽ മറ്റാർക്കും പ്രവേശനം നൽകരുതെന്ന നിലപാടിലാണ് രാജ്ഭവൻ. നേരത്തെ തമിഴ്‌നാട്ടിലും സമാനമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി വേദി പങ്കിട്ടിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം ഗവർണർക്കാണെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കി.

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 4 മണി വരെ കർശന ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.

സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി നാല് ഗേറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും പ്രവേശനം. ചടങ്ങിനെത്തുന്നവർ രാവിലെ 8 മണിക്ക് മുൻപായി സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതുണ്ട്. 9 മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും. പ്രവേശനത്തിന് പാസ് ഉള്ളവർക്കായിരിക്കും ആദ്യ പരിഗണന നൽകുക. പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണുന്നതിനായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറ് കേന്ദ്രങ്ങളിലായി എൽഇഡി വാളുകളും ഒരുക്കിയിട്ടുണ്ട്.

Strict Raj Bhavan directive: Only CM, Ministers, and Chief Secretary allowed on stage for swearing-in

More Stories from this section

family-dental
witywide