വിജയ് സർക്കാരിന് തിരിച്ചടി, തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റിൽ നടക്കില്ല; ഹൈക്കോടതി സ്റ്റേ നീട്ടി

തമിഴ്‌നാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള വിജയ് സർക്കാരിന്റെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി നേരിടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി ഓഗസ്റ്റ് 28 വരെ നീട്ടി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപ് നൽകിയ വിലക്ക് നീട്ടിയത്.

നേരത്തെ ഈ വിലക്ക് ജൂലൈ 31 വരെ മാത്രമായിരുന്നു. അണ്ണാഡിഎംകെ എം.എൽ.എമാർ രാജിവെച്ച മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വൈകുന്നതോടെ സഭയിൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കമ്മീഷനെ വിലക്കിയ ഉത്തരവ് നീട്ടിയത്. നിലവിലുള്ള ഹർജികളിൽ വിധി വരുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടുകയും കേസ് വിശദമായ വാദത്തിനായി മാറ്റുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് ഹർജികളുടെ പേരിൽ ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്ന നീക്കമാണ് നടക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയപ്പോഴും തമിഴ്‌നാടിനെ ഉൾപ്പെടുത്താതിരുന്നത് വിജയ് സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

Blow to Vijay Govt: Madras High Court Extends Stay on Tamil Nadu Byelections Till August 28

More Stories from this section

family-dental
witywide