തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. രാഗേഷ് രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് വയറിങ് തൊഴിലാളിയായിരുന്നെന്നും വ്യക്തിപരമായി തന്നേക്കുറിച്ച് പറഞ്ഞാൽ തിരിച്ചടിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ടി.കെ. ഗോവിന്ദൻ പറഞ്ഞു
കെ.കെ.രാഗേഷിൻ്റെ രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും അതിന് മുമ്പുമുള്ള വരുമാനവും അന്വേഷിക്കട്ടെ. എൻ്റെതും അന്വേഷിക്കട്ടെ. കൂടുതൽ പറയിപ്പിക്കാൻ രാഗേഷ് നിൽക്കേണ്ട. പാർട്ടിക്കൊപ്പം നിന്നസമയത്ത് പലതും ചർച്ചചെയ്തിട്ടുണ്ടാകും. പാർട്ടിയിൽനിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ലെന്നും എന്നാൽ, എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരേക്കുറിച്ച് ഞാൻ പറയുമെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.
എൻറെ കൈവശം അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കും. തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ യാഥാർഥ ഉത്തരവാദി പാർട്ടി നേതൃത്വമാണ്. എന്നിട്ട് ജനങ്ങളുടെമേൽ കുറ്റം അടിച്ചേൽപ്പിക്കുന്നു. തെറ്റുപ്പറ്റിയെന്നും പിശകുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം ആളുകളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കണ്ടെത്തിയ ഒരു കാര്യവും പോളിറ്റ്ബ്യൂറോ അംഗമായിട്ടുള്ള മുൻ മുഖ്യമന്ത്രി മിണ്ടിയില്ലെന്നും കേന്ദ്ര കമ്മിറ്റി കണ്ടെത്തിയതല്ല തോൽവിക്ക് കാരണമെന്ന രീതിയിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയനടക്കമുള്ള നേതാക്കൾ വന്ന് സംസാരിച്ചതെന്നും ടി.കെ.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
T.K. Govindan states that if he is compelled to speak, he has a great deal to say; he calls for an inquiry into K.K. Ragesh’s income from both before and after his entry into politics.










