ക്ഷേത്രത്തിൽ ബീഫ് ഗ്രിൽ ചെയ്യണം, പുതിയ പേര് ‘പ്രിയ’; ഇന്ത്യക്കാരെ പരിഹസിച്ച് ടെക്സസ് ഗവർണർ സ്ഥാനാർത്ഥി, പ്രതിഷേധം ശക്തം

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അവകാശപ്പെടുന്ന കെല്ലി സ്മിത്ത് എന്ന സ്ത്രീ ഇന്ത്യക്കാരെയും ഹൈന്ദവ വിശ്വാസങ്ങളെയും പരിഹസിച്ച് രംഗത്തെത്തിയത് വലിയ വിവാദമാകുന്നു. ഇൻ്റർനെറ്റിൽ വൈറലാകാനും വംശീയ വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കമെന്നാണ് ഉയരുന്ന വിമർശനം. എല്ലാ ഇന്ത്യക്കാരും തങ്ങളെപ്പോലെ തന്നെ “അമേരിക്കക്കാരാണെന്ന്” അവകാശപ്പെടുന്ന സാഹചര്യത്തിൽ, താൻ ഒരു “ഇന്ത്യക്കാരിയാകാൻ” തീരുമാനിച്ചു എന്നാണ് ഇവർ പരിഹാസരൂപേണ പറഞ്ഞത്.

ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വേഷം ധരിച്ചുനിൽക്കുന്ന എഐ ചിത്രം പങ്കുവെച്ചുകൊണ്ട് തൻ്റെ പുതിയ പേര് ‘പ്രിയ’ എന്നാണെന്ന് ഇവർ കുറിച്ചു. “ഞാൻ ക്ഷേത്രത്തിലിരുന്ന് ഹാംബർഗറുകൾ കഴിക്കും, ഷൂ ധരിക്കും. കാരണം എൻ്റെ ടെക്സസ് സംസ്കാരം എനിക്ക് ഉപേക്ഷിക്കാനാവില്ല. ഞാൻ നിങ്ങളെപ്പോലെ തന്നെ ഒരു ഇന്ത്യക്കാരിയാണ്, എന്റെ പുതിയ പേര് അത് തെളിയിക്കുന്നു. സത്യത്തിൽ നമ്മളെല്ലാവരും ഇന്ത്യക്കാരായി മാറി ക്ഷേത്രത്തിലിരുന്ന് ബീഫ് സ്റ്റീക്കുകൾ ഗ്രിൽ ചെയ്യണം. നന്ദി,” കെല്ലി കുറിച്ചു.

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ വിദ്വേഷം കലർന്ന മറുപടിയുമായി ഇവർ വീണ്ടും രംഗത്തെത്തി. “ഒരു തമാശ ചിത്രത്തിന്റെ പേരിലാണോ നിങ്ങൾ ഇത്രയധികം പ്രകോപിതരാകുന്നത്? ടെക്സസുകാർ ചെയ്യുന്ന കാര്യമാണ് (ബർഗർ കഴിക്കുന്നത്) ഞാൻ ആ ചിത്രത്തിൽ കാണിച്ചത്. നിങ്ങൾ ഇവിടുത്തെ രീതികളെ ബഹുമാനിക്കാത്തപ്പോൾ ടെക്സസുകാർക്ക് എന്ത് തോന്നും എന്ന് ആലോചിച്ചു നോക്കൂ. തടാകങ്ങളിൽ പാലും വിഗ്രഹങ്ങളും പഴങ്ങളും നിക്ഷേപിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അപമാനമാണ്. എല്ലാ കോണുകളിലും ഇന്ത്യൻ കടകൾ ഉയർന്നു വരുന്നത് കാണാൻ ടെക്സസുകാർക്ക് താൽപ്പര്യമില്ല. ഇത് ഇന്ത്യയല്ല!”- അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ആരാണ് കെല്ലി സ്മിത്ത്?

വരുന്ന നവംബറിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ ഒരു ‘റൈറ്റ്-ഇൻ’ (Write-in) സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഇവർ പറയുന്നത്. ബാലറ്റിൽ പേര് അച്ചടിക്കാത്ത, വോട്ടർമാർ നേരിട്ട് പേര് എഴുതിച്ചേർക്കേണ്ടി വരുന്ന സ്ഥാനാർത്ഥി രീതിയിലാണ് ഇവർ മത്സരിക്കുന്നത്. ഇവരുടെ ഫണ്ട് ശേഖരണ ക്യാമ്പയിന് ഇതുവരെ 14 പേർ മാത്രമാണ് സംഭാവന നൽകിയിട്ടുള്ളത്. ജയിക്കാൻ സാധ്യത കുറവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് പരക്കെ വിമർശനമുണ്ട്.”എന്റെ പേര് കെല്ലി സ്മിത്ത്, ഞാൻ ഒരു തികഞ്ഞ ടെക്സസുകാരിയാണ്. ടെക്സസ് ടെക്സസുകാർക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ഒന്നിക്കാം, ഈ നവംബറിൽ ഗവർണർ സ്ഥാനത്തേക്ക് ഞാൻ മത്സരിക്കും. ഇതൊരു വലിയ വെല്ലുവിളിയാണ്, പക്ഷേ ടെക്സസിനെ രക്ഷിക്കാൻ ഇത് അത്യാവശ്യമാണ്,” എന്നാണ് ഇവരുടെ പ്രചാരണ വാചകം.

Texas gubernatorial candidate Kelly mocks Indians.

More Stories from this section

family-dental
witywide