പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ; എല്ലാം ഞാനാണെന്ന ഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ മുഖപത്രത്തിൽ സത്യൻ മൊകേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനവുമായി പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ രൂക്ഷ വിമർശനവുമായി സിപിഐ. താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്ന് പറഞ്ഞുകൊണ്ടാണ് മൊകേരിയുടെ വിമർശനം.

പിണറായി വിജയൻ പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികത ഇല്ലായ്മ‌യുമായി മാത്രമേ കാണാൻ കഴിയൂവെന്നും ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താൻ തീരുമാനിക്കും എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്നും സത്യമൊകേരിയുടെ ലേഖനത്തിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്‌താവന നടത്തിയതെന്നും മൊകേരി ചൂണ്ടിക്കാട്ടി. താൻ കത്ത് കൊടുക്കേണ്ട താമസമേ പ്രതിപക്ഷ ഉപനേതാവിൻ്റെ നിയമനത്തിൽ ഉള്ളൂവെന്നും സിപിഎം നേതാവിനെ തന്നെ നിയമിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. സിപിഐ-സിപിഎം കക്ഷികൾ തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. കത്ത് കൊടുക്കുമെന്ന് പറയാൻ പിണറായിയെ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയം അല്ലെന്ന് വ്യക്തമാണെന്നും മൊകേരി ലേഖനത്തിൽ പറഞ്ഞു.

തർക്കങ്ങൾ എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്ന ധാരണയിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണോയെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ആരാഞ്ഞു. അതേസമയം, അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എടുത്ത നിലപാടുകളെ സത്യൻ മൊകേരി പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ ധാർമ്മിക വിഷയങ്ങളിൽ എടുത്ത നിലപാടുകൾ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും മൊകേരി കുറിച്ചു. കമ്യൂണിസ്റ്റുകാർ മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണെന്നും മൊകേരി ലേഖനത്തിൽ കൂട്ടിച്ചേർത്തു.

CPI levels sharp criticism against Pinarayi; Sathyan Mokeri states in the CPI mouthpiece that an attitude of “I am everything” does not befit a Communist leader.

More Stories from this section

family-dental
witywide