
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് ക്ലിഫ് ഹൗസിലേക്ക് മടങ്ങിയ പിണറായി വിജയൻ യാത്ര ചെയ്തത് ട്രാഫിക് നിയമലംഘനങ്ങളുടെ അകമ്പടിയുള്ള കാറിൽ. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തെ സ്വീകരിച്ച് കൊണ്ടുപോയ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പേരിലുള്ള കാർ (KL 01 CR 4291) അക്ഷരാർത്ഥത്തിൽ എ.ഐ. ക്യാമറകളുടെ ‘കണ്ണിലുണ്ണി’യാണ്. 2023-ന് ശേഷം മാത്രം 18 തവണയാണ് ഈ വാഹനം നിയമം ലംഘിച്ച് പിഴ വരുത്തിവെച്ചിരിക്കുന്നത്.
നിയമം നടപ്പിലാക്കാൻ മുന്നിൽ നിൽക്കുന്നവർ തന്നെ അത് കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഈ വണ്ടിയുടെ ജാതകത്തിലുള്ളത്. ലഭിച്ച 18 പിഴകളിൽ 12 എണ്ണവും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. ഇതിൽ പാർട്ടി സെക്രട്ടറി തന്നെ ബെൽറ്റില്ലാതെ മുൻസീറ്റിൽ ഇരിക്കുന്ന ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
2025 ജനുവരിയിൽ കോവളം-കാരോട് ദേശീയപാതയിൽ യു.എസ്.ടി ജങ്ഷന് സമീപം 120 കിലോമീറ്റർ വേഗത്തിൽ പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനും, നിയമവിരുദ്ധമായ ഹോൺ ഘടിപ്പിച്ചതിനും എം.വി.ഡി കേസെടുത്തിട്ടുണ്ട്. അമിത ശബ്ദമുണ്ടാക്കുംവിധം നാലു ഹോണുകൾ ഘടിപ്പിച്ചതിന് 2023-ലാണ് മോട്ടോർ വാഹനവകുപ്പ് കേസെടുത്തത്. ഇതുവരെയും ഈ ഹോണുകൾ നീക്കം ചെയ്തിട്ടില്ല. സമയ ബന്ധിതമായി പിഴയൊടുക്കാത്തതിനെ തുടർന്ന് ചില കേസുകൾ കോടതിയുടെ പരിഗണനയിലേക്ക് നീങ്ങുകയാണ്. ചില്ലുകളിൽ കാഴ്ച മറയ്ക്കുംവിധം കട്ടികൂടിയ കറുത്തഫിലിം പതിച്ചതിനും സിഗ്‌നൽ ലംഘിച്ചതിനും കേസുണ്ട്.
ആകെ 13,750 രൂപയാണ് ഈ വാഹനത്തിന് നിലവിൽ പിഴയിട്ടിരിക്കുന്നത്. എന്നാൽ പണമടയ്ക്കാൻ വൈകിയതോടെ രണ്ട് കേസുകൾ ഇതിനോടകം കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച 50% പിഴയിളവ് പദ്ധതി പോലും പാർട്ടി വണ്ടി ഉപയോഗിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
The party vehicle in which Pinarayi rode was accompanied by 18 law violations















