
ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി ജെ പി)യുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടിലൂടെ പ്രചരിക്കുന്ന പ്രകോപനപരമായ ഉള്ളടക്കങ്ങൾ ദേശീയ സുരക്ഷയ്ക്കും രാജ്യത്തിൻ്റെ പരമാധികാരത്തിനും ഭീഷണിയായേക്കാമെന്ന ഇൻ്റലിജൻസ് ബ്യൂറോയുടെ (IB) കർശന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു നടപടി.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഐടി നിയമത്തിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ഈ അക്കൗണ്ടിലെ പോസ്റ്റുകൾ വൻതോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇത് ക്രമസമാധാന നിലയെ ബാധിക്കാമെന്നുമാണ് ഇൻ്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.
തൊഴിലില്ലാത്ത യുവാക്കളെ കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘പാറ്റകളോട്’ ഉപമിച്ചതിൽ പ്രതിഷേധിച്ച് മേയ് 16-നാണ് ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദിപ്കെ ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ കടുത്ത പരിഹാസങ്ങളിലൂടെയും ട്രോളുകളിലൂടെയും ഡിജിറ്റൽ പ്രതിഷേധം ഉയർത്തുന്ന ഈ കൂട്ടായ്മയ്ക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
എക്സിൽ വിലക്ക് നേരിട്ടെങ്കിലും സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ കോടിക്കണക്കിന് ഫോളോവേഴ്‌സുമായി സജീവമായി തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ ഈ ആക്ഷേപഹാസ്യ പേജ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയിരുന്നു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് തങ്ങളെ സെൻസർ ചെയ്യുന്നതെന്ന് പാർട്ടി സ്ഥാപകൻ ആരോപിച്ചു. അതേസമയം, വിലക്കിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കൂട്ടായ്മ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
Threat to national security; Report reveals the reason for the closure of the ‘Cockroach Janata Party’s’ X-account















