കോക്ക് റോച്ച് ജനത പാർട്ടിക്ക് (സിജെപി) പിന്നിൽ പ്രവർത്തിക്കുന്നതും പിന്തുടരുന്നതും ഇന്ത്യക്കാരല്ലെന്ന ബിജെപിയുടെ ആരോപണങ്ങൾ തള്ളി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്തേ രംഗത്ത്. സിജെപിയെ പിന്തുടരുന്നവരിൽ 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളാണ് അദ്ദേഹം തെളിവായി പുറത്തുവിട്ടത്. ബാക്കി ഫോളോവേഴ്സിൽ ഒരു ശതമാനം പേർ അമേരിക്കയിൽ നിന്നും 0.7 ശതമാനം പേർ യുകെയിൽ നിന്നുമാണ്. കാനഡ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് 0.6 ശതമാനം ആളുകൾ വീതവും പാർട്ടിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സിജെപിയെ പിന്തുണയ്ക്കുന്നവർ പാകിസ്ഥാനികളാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇൻസ്റ്റഗ്രാം നൽകുന്ന ഔദ്യോഗിക കണക്കുകൾ പാർട്ടി പുറത്തുവിട്ടത്. കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട ഇൻസ്റ്റഗ്രാം പേജ് തിരികെ ലഭിച്ചതിന് പിന്നാലെ സിജെപിയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അക്കൗണ്ട് മരവിപ്പിക്കുന്ന സമയത്ത് 2.19 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന സ്ഥാനത്ത് പേജ് തിരികെ വന്നതോടെ ഇത് രണ്ടരക്കോടിയോളമായി ഉയർന്നു.
പാർട്ടിക്ക് ജനപിന്തുണ വർധിക്കുന്നത് കണക്കിലെടുത്ത് കോൺഗ്രസും സിപിഎമ്മും സിജെപിക്ക് പരസ്യ പിന്തുണയുമായി എത്തിയിട്ടുണ്ട്. അക്കൗണ്ടുകൾ വിലക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ എൻഡിഎ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ടിഡിപിയും ചോദ്യം ചെയ്തു. പുറത്തുനിന്നുള്ള ഇടപെടലുകൾ ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ എന്തിനാണ് വിലക്കേർപ്പെടുത്തിയതെന്നും, യുവാക്കൾക്കിടയിൽ സർക്കാരിനെതിരെ അസംതൃപ്തിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ടിഡിപി ആവശ്യപ്പെട്ടു. എന്നാൽ ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണെന്ന നിലപാടിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഉൾപ്പെടെയുള്ളവർ ഉറച്ചുനിൽക്കുകയാണ്.
അതേസമയം, സിജെപിക്ക് എതിരെയുള്ള നിയമനടപടികൾ സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കോക്ക് റോച്ച് ജനത പാർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈ നീക്കങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വിലക്കുകൾ തുടരുന്ന സാഹചര്യത്തിൽ അണികൾക്ക് ആശയവിനിമയം നടത്താനായി ‘സിജെപി കോംസ്’ എന്ന പേരിൽ എക്സിൽ (ട്വിറ്റർ) പുതിയ പ്ലാറ്റ്‌ഫോം സജ്ജമാക്കിയതായും എന്നാൽ പാർട്ടിയുടെ രണ്ടാമത്തെ ഇൻസ്റ്റഗ്രാം പേജിന്റെയും ഔദ്യോഗിക വെബ്‌സൈറ്റിന്റെയും വിലക്ക് തുടരുകയാണെന്നും അഭിജിത് ദീപ്തേ അറിയിച്ചു.
Cockroach Janata Party rejects BJP claims, shares Instagram data showing 94.7% followers are Indian













