
ഷിറാസ്
ടോറോന്റോ: കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026 മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ ആവേശപൂർവ്വം നടന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി.
2024-ൽ ആരംഭിച്ച തൃശൂർ ഗഡീസിന്റെ ആദ്യ പിക്ക്നിക്കിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്. ചെണ്ടമേളം, വടംവലി, കുടുംബ മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ പിക്ക്നിക്കിന് ആവേശം പകർന്നു. തൃശൂരിന്റെ തനത് ആഘോഷാന്തരീക്ഷം ഓർമിപ്പിച്ച ചെണ്ടമേളവും വടംവലി മത്സരവും പ്രധാന ആകർഷണങ്ങളായി.
നാടൻ രുചിയും ഗൃഹാതുരത്വവും പകരുന്ന വിഭവങ്ങളോടെയുള്ള ഭക്ഷണവിരുന്നും ഒരുക്കിയിരുന്നു. ദി ഗ്രാൻഡ് മലബാർ മെഗാ സ്പോൺസറായപ്പോൾ മോഹൻദാസ് കളരിക്കൽ മണികണ്ഠദാസ് – Royal LePage Certified Realty, നിഷ ദീപു – ND Professional Corporation, പ്രമോദ് കുമാർ – RE/MAX Platinum Club Realtor/Broker, ഡോ. സാബിർ കുന്നത്ത് – Village Centre Animal Hospital, The General Contractor എന്നിവർ സപ്പോർട്ടിംഗ് പാർട്ണർമാരായി പിന്തുണ നൽകി. വിവിധ മാധ്യമ, റേഡിയോ, പ്രിന്റ്, ടിക്കറ്റിംഗ് പങ്കാളികളുടെയും വോളന്റിയർമാരുടെയും സഹകരണവും പരിപാടിയുടെ വിജയത്തിന് കരുത്തായി.
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും നാടിന്റെ സ്നേഹവും സൗഹൃദവും സാഹോദര്യവും കാനഡയിലെ പുതിയ തലമുറയിലേക്കും പകരുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തൃശൂർ ഗഡീസ്, വരും വർഷങ്ങളിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. “നമ്മുടെ നാടിന്റെ സ്നേഹം, നമ്മുടെ കൂട്ടായ്മ, നമ്മുടെ സൗഹൃദം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പിക്ക്നിക്ക് 2026, കാനഡയിലെ തൃശൂർക്കാർക്ക് മനോഹരമായ ഒരു കൂട്ടായ്മയുടെ ഓർമ്മയായി.
Thrissur Gadies Picnic 2026: Thrissur natives in Canada gather for friendship and celebration.











