കാസർകോട്: വെള്ളരിക്കുണ്ട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിന്നീട് വീട്ടുകാർ തല്ലിക്കൊന്നു.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പയ്യന്നൂരിലെ ആശുപത്രിയിലേക്കും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാൽ പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആന്റിവെനം നൽകാനുള്ള സൗകര്യമില്ലാത്തതിനെ തുടർന്ന് ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് അടുത്ത കാലത്തായി പാമ്പ് കടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് ഋതു ചന്ദ്ര. നേരത്തെ തൃശൂരിലും തിരുവനന്തപുരത്തും സമാനമായ രീതിയിൽ കുട്ടികൾ മരണപ്പെട്ടിരുന്നു. മരിച്ച ഋതുവിന്റെ ഏക സഹോദരൻ രണ്ടര വയസ്സുകാരൻ ശരണാണ്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട് ഒന്നടങ്കം ദുഃഖത്തിലാണ്.
Four-Year-Old Girl Dies of Snakebite in Kasaragod













