
പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശ്ശൂർ സ്വദേശി അനോഷ് മരണത്തെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഇന്ന് വൈകുന്നേരമാണ് ഡിസ്ചാർജ് നൽകിയത്. ഡോക്ടർമാരും നഴ്സുമാരും പൂക്കൾ നൽകിയാണ് അവനെ യാത്രയാക്കിയത്. കുഞ്ഞനുജൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ച ദുഃഖത്തിനിടയിലും അനോഷിന്റെ അതിജീവനം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമാണ്.
ശ്വസനവ്യവസ്ഥയെയും നാഡികളെയും ബാധിച്ച വിഷബാധയിൽ നിന്നും എക്മോ ചികിത്സയിലൂടെയാണ് അനോഷിനെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. ഹൃദയമിടിപ്പ് നിലയ്ക്കുമെന്ന ഘട്ടത്തിൽ നിന്നുമാണ് അവനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് ഡോക്ടർ രമേശ് പറഞ്ഞു. ചികിത്സ പൂർത്തിയാക്കിയ അനോഷിന് ഇനി മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ശംഖുവരയൻ പാമ്പിന്റെ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ തിരിച്ചറിയാൻ പ്രയാസമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ വിശദീകരിച്ചു. പുറമേ മുറിവോ വേദനയോ ഉണ്ടാക്കാത്ത ഇത്തരം പാമ്പുകടികൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത് അപകടമുണ്ടാക്കും. വേനൽക്കാലത്ത് രാത്രിയിൽ അപ്രതീക്ഷിതമായി കുട്ടികൾക്ക് വയറുവേദനയോ ശ്വാസതടസ്സമോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
Brave Survival: Anosh Returns Home After Battling Critical Snakebite Poisoning in Kochi











