
സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ആറ് മണിയോടെ റാസ് തനൂറയിലാണ് രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ച വൻ ആകാശദുരന്തമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരണപ്പെട്ടതായി സൗദി ഊർജ്ജ മന്ത്രാലയ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 14 പേരും സൗദി പൗരന്മാരാണെന്നാണ് മന്ത്രാലയം നൽകുന്ന വിവരം.
ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മറ്റ് ഔദ്യോഗിക അന്വേഷണ ഏജൻസികളുമായി ചേർന്ന് ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും അവരെ രക്തസാക്ഷികളായി അല്ലാഹു സ്വീകരിക്കട്ടെയെന്നും മന്ത്രാലയം പ്രാർത്ഥനയോടെ കൂട്ടിച്ചേർത്തു.
Tragic Helicopter Crash in Saudi Arabia: Aramco Chopper Crashes in Ras Tanura Killing 14 Saudi Citizens














