
ഡൽഹി കലാപക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജെ.എൻ.യു. മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി. ഉമ്മയുടെ ശസ്ത്രക്രിയ ചൂണ്ടിക്കാട്ടിയാണ് ഇക്കുറി ഉമർ ഖാലിദ് ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചതെങ്കിലും, ഇത് അടിയന്തിര സ്വഭാവമുള്ള ഗുരുതരമായ ശസ്ത്രക്രിയ അല്ലെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി, മുൻപ് ജാമ്യം നൽകിയെന്ന് കരുതി എല്ലാ അപേക്ഷകളിലും അത് അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഉമ്മയെ പരിചരിക്കാൻ വീട്ടിൽ മറ്റ് അംഗങ്ങളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉമർ ഖാലിദിന് അഞ്ച് സഹോദരിമാരുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് ഉമ്മയ്ക്കൊപ്പമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. യു.എ.പി.എ. ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതോടെ നീണ്ട വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ ജയിൽവാസം തുടരുകയാണ്.
അതേസമയം, ഉമർ ഖാലിദിന്റെ സ്ഥിരം ജാമ്യാപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ അസാധാരണമായ ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. മറ്റൊരു യു.എ.പി.എ. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാൻ എന്നിവരടങ്ങിയ ബെഞ്ച്, ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീം കോടതിയിലെ തന്നെ മറ്റൊരു ബെഞ്ചിന്റെ തീരുമാനത്തെ പരസ്യമായി വിമർശിച്ചിരുന്നു. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന മുൻകാല സുപ്രീം കോടതി വിധികൾ ഈ കേസിൽ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
Trial Court Rejects Umar Khalid’s Interim Bail Plea Filed on Grounds of Mother’s Surgery














