അയോധ്യ ക്ഷേത്ര കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ നേരിട്ട് പരാമർശങ്ങളൊന്നുമില്ല. ചമ്പത് റായിയെ എസ്ഐടി വെള്ളപൂശുമെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കുന്നതാണ് 9 പേജുള്ള പുതിയ റിപ്പോർട്ട്. കേസിൽ ട്രസ്റ്റ് നേതൃതലത്തിൽ മുൻ ട്രസ്റ്റി അനിൽ മിശ്രയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലത്ത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതിരുന്നത് അനിൽ മിശ്രയുടെ ഭരണപരമായ വീഴ്ചയാണെന്നാണ് ഇടക്കാല റിപ്പോർട്ടിലുള്ളത്. പ്രതികൾ ചമ്പത് റായിക്കെതിരെ നൽകിയ മൊഴികളുടെ നിജസ്ഥിതി പരിശോധിക്കാൻ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ പ്രസ്താവനയുമായി ചമ്പത് റായ് രംഗത്തെത്തി. കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം പുറത്തുവരുമെന്നും തനിക്കെതിരെ ഉയർന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ 35 വർഷമായി അയോധ്യയിൽ പ്രവർത്തിക്കുന്ന തന്റെ പൊതുജീവിതം ഒരു തുറന്ന പുസ്തകമാണെന്നും എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് വന്നതിന് ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു.
അതേസമയം, ചമ്പത് റായിയുടെ മുൻ ഡ്രൈവർ ടിന്നു യാദവിന്റെ സ്വാധീനം സ്ഥിരീകരിക്കുന്ന റിപ്പോർട്ട്, ഔദ്യോഗികമായി എവിടെയും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോൽ ഇയാളെ ഏൽപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗൂഢാലോചനയിൽ ചമ്പത് റായിയെ പ്രതി ചേർക്കുന്നതിൽ നിയമോപദേശം തേടിയ അന്വേഷണസംഘം, നിലവിൽ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിനിടെ ചമ്പത് റായിക്ക് പകരം താൽക്കാലികമായി നിയമിതനായ കൃഷ്ണ മോഹനെതിരെയും പ്രതിപക്ഷം ആരോപണം കടുപ്പിച്ചു. കൃഷ്ണ മോഹൻ അയോധ്യ ക്ഷേത്രത്തിന് സമീപം 86 കോടിയുടെ ഭൂമി ഇടപാട് നടത്തിയതായും ഇയാൾ ട്രസ്റ്റ് ഭാരവാഹികളുടെ ബെനാമിയാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
No Mention of Champat Rai in SIT Report; Truth Will Come Out After Investigation, Says Rai













