അമേരിക്കയിൽ ബജറ്റ് പോര് മുറുകുന്നു: കോൺഗ്രസ് പാസാക്കിയ ഫണ്ട് പൂഴ്ത്തി ട്രംപിൻ്റെ ‘പോക്കറ്റ് റെസിഷൻ’ കളി, 100 കോടി ഡോളറിൻ്റെ പദ്ധതികൾ റദ്ദാക്കിയതിൽ വൻ പ്രതിഷേധം

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസ് (പാർലമെന്റ്) ഇരുസഭകളും സംയുക്തമായി പാസാക്കിയ 100 കോടി ഡോളറിന്റെ (ഏകദേശം 1 ബില്യൺ ഡോളർ) സർക്കാർ ധനവിനിയോഗ പദ്ധതികൾ റദ്ദാക്കി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വെള്ളിയാഴ്ച വൈകിയാണ് വൈറ്റ് ഹൗസ് ഈ വിവാദ തീരുമാനം പുറത്തുവിട്ടത്. ഡെമോക്രാറ്റുകളും ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻസിലെ ഒരു വിഭാഗവും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അഭയാർത്ഥികൾക്കും മറ്റ് കുടിയേറ്റക്കാർക്കുമായി ആരോഗ്യ-മാനവിക സേവന വകുപ്പ് മാറ്റിവെച്ചിരുന്ന 56.7 കോടി ഡോളറിന്റെ പദ്ധതികളാണ് പ്രധാനമായും റദ്ദാക്കിയത്. കൂടാതെ വിദേശ പൗരന്മാർക്കുള്ള ധനസഹായം (5 കോടി ഡോളർ), ‘വോക്ക് ഇന്റർനാഷണൽ എഡ്യൂക്കേഷൻ’ ഗ്രാന്റുകൾ (7 കോടി ഡോളർ), ഭവന-നഗരവികസന പദ്ധതികൾ (5.6 കോടി ഡോളർ) എന്നിവയും ട്രംപ് ഭരണകൂടം പിൻവലിച്ചു. അമേരിക്കൻ പൗരന്മാർക്ക് പ്രയോജനമില്ലാത്ത ധൂർത്ത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

എന്താണ് ‘പോക്കറ്റ് റെസിഷൻ’?

‘പോക്കറ്റ് റെസിഷൻ’ എന്ന സങ്കീർണ്ണമായ നിയമപരമായ വഴിയിലൂടെയാണ് ട്രംപ് ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്നത്. ഇതനുസരിച്ച് ബജറ്റ് തുക റദ്ദാക്കാൻ പ്രസിഡന്റിന് നിർദ്ദേശിക്കാമെങ്കിലും അതിന് കോൺഗ്രസ് 45 ദിവസത്തിനകം അനുമതി നൽകണം. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു നിർദ്ദേശം സമർപ്പിച്ചാൽ, കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയം ലഭിക്കില്ല. അതോടെ ഫണ്ടുകളുടെ കാലാവധി തീരുകയും അവ സ്വയം റദ്ദാകുകയും ചെയ്യും. വരുന്ന ബുധനാഴ്ചയാണ് അമേരിക്കയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്. 1977-ൽ കാർട്ടർ ഭരണകൂടത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ട്രംപ് ആദ്യമായി ഈ തന്ത്രം പ്രയോഗിച്ച് വിദേശസഹായ ഫണ്ട് റദ്ദാക്കിയത്.

പ്രസിഡന്റിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫണ്ട് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി അധ്യക്ഷയും റിപ്പബ്ലിക്കൻ സെനറ്ററുമായ സുസൻ കോളിൻസ് പറഞ്ഞു. ഫണ്ടുകൾ നിയമവിരുദ്ധമായി റദ്ദാക്കാനായി വൈറ്റ് ഹൗസ് മാസങ്ങളോളം ഇത് മനഃപൂർവം മറച്ചുവെക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. രാജ്യത്തെ ജനങ്ങൾക്ക് നൽകിയ പണം ട്രംപ് ഭരണകൂടം വീണ്ടും മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗം റോസ ഡെലൗറോയും കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വിദേശസഹായ ഫണ്ടുകൾ റദ്ദാക്കിയപ്പോൾ അത് സുപ്രീം കോടതി വരെ എത്തിയിരുന്നു. അന്ന് വിദേശകാര്യങ്ങളിലെ പ്രസിഡന്റിന്റെ സവിശേഷ അധികാരം ചൂണ്ടിക്കാട്ടി കോടതി അനുമതി നൽകിയെങ്കിലും, ഈ തന്ത്രത്തിന്റെ നിയമസാധുതയിൽ അന്തിമ തീർപ്പ് കൽപ്പിച്ചിരുന്നില്ല. പുതിയ നീക്കത്തോടെ ട്രംപ് ഭരണകൂടം വീണ്ടും വലിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുമെന്നുറപ്പാണ്.

Trump bypasses Parliament for funding move; massive protest against cancellation of $1 billion projects.

More Stories from this section

family-dental
witywide