
ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ നാളെ പാകിസ്ഥാനിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന് നൽകുന്ന അവസാന അവസരമാണിതെന്നും നാളത്തെ ചർച്ചയിൽ കൃത്യമായ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഊർജ്ജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക കേന്ദ്രങ്ങൾ ആക്രമിച്ചു തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇനി ‘നല്ല പിള്ള’ ചമയാനില്ലെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർത്ത നടപടിയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഫ്രഞ്ച് കപ്പലിനും യുകെയിൽ നിന്നുള്ള ചരക്കു കപ്പലിനും നേരെയുണ്ടായ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം വിചിത്രമാണെന്നും, യുഎസ് ഇതിനകം തന്നെ അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് അടച്ചിടുന്നത് വഴി പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടം ഇറാന് മാത്രമാണെന്നും അമേരിക്കയ്ക്ക് ഇതിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലേക്ക് നിലവിൽ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിൽ നിന്ന് ഇന്ധന കപ്പലുകൾ വരുന്നുണ്ടെന്നും അതിനാൽ ഹോർമുസിലെ തടസ്സങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഇസ്ലാമാബാദ് ചർച്ചകളിൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. എന്നാൽ അമേരിക്കയുടെ ഭീഷണികളോടോ ചർച്ചകളോടോ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Trump Issues Final Warning to Iran Before Islamabad Talks; Threatens to Destroy Energy Plants and Bridges












